പഹൽഗാം: പാക് വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി അടച്ചു; നയതന്ത്ര നടപടികൾക്കൊപ്പം ഭീകരർക്കായുള്ള തെരച്ചിലും ശക്തമാക്കി ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി അടച്ച് നയതന്ത്ര നടപടികൾ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. രാജ്യ തലസ്ഥാനത്ത് ചേർന്ന നിർണായക മന്ത്രിസഭ – സുരക്ഷാ സമിതി യോഗങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഇന്ത്യൻ സൈനിക നടപടി ഭയന്ന് പാക് അധീന കാശ്മീർ ഭാഗത്ത് കടന്നുപോകുന്ന സ്വന്തം വിമാനങ്ങൾ പാക്കിസ്ഥാൻ റദ്ദാക്കിയിരുന്നു.
മാത്രമല്ല അതിർത്തികളിൽ കനത്ത സൈനിക വിന്യാസം പാകിസ്ഥാനും ശക്തമാക്കി. ഭീകരവാദത്തിന് എതിരെ എന്തു നടപടിയും സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയിരുന്നു. അതേസമയം, ഭീകരവാദികളെ പിടികൂടുവാൻ ജമ്മു കാശ്മീരിൽ സൈന്യം തിരച്ചിൽ ഊർജ്ജതമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ നടപടികള്‍ ശക്തമാക്കി. പാകിസ്ഥാന്‍ നാവികസേനയുടെ കപ്പലുകള്‍ സജ്ജമായതായി സൂചന. തുറമുഖങ്ങളില്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധത്തില്‍ ഐക്യരാഷ്ട്രസഭയുടെ സഹായവും പാക്കിസ്ഥാന്‍ തേടിയിട്ടുണ്ട്. അതിനിടെ, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ ഉപദേശക സമിതി ബുധനാഴ്ച പുനഃസംഘടിപ്പിച്ചു. മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി സർക്കാർ നിയമിച്ചു.