രാജ്യത്തെ ആദ്യ വാട്ടർ മെട്രൊ സർവീസായ കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രൊ സർവീസായ കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഇതിന്‍റെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. വാട്ടർ മെട്രൊ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രൊ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും.ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചെങ്കിലും നാളെ മുതലാകും പൊതുജനങ്ങൾക്കുള്ള സർവീസുകൾ ആരംഭിക്കുക. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സർവീസ്. 27 ന് വൈറ്റില- കാക്കനാട് റൂട്ടിൽ സർവീസ് ഉണ്ടാകും. രാവിലെ 7 മുതൽ വൈകീട്ട് 8 വരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുകളുണ്ടാകും. 20 രൂപയാണ് വാട്ടർ മെട്രൊയുടെ ഏറ്റവും കുറഞ്ഞ നിരക്ക്. കൂടിയ ചാർജ് 40 രൂപ.വാട്ടർ മെട്രൊ പദ്ധതി 3 വർഷം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. 2016 ൽ നിർമാണം തുടങ്ങിയ പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രൊ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ബോട്ടുകളിൽ 100 പേർക്ക് സഞ്ചരിക്കാം ബാറ്ററിയിലും ഡീസൽ ജനറേറ്ററിലുമാണ് ബോട്ടുകൾ പ്രവർത്തിക്കുക.ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.