ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന് തുടക്കമായി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന് തുടക്കമായി. 23 സംസ്ഥാനങ്ങളില്‍ നിന്നായെത്തിയ 850 പ്രതിനിധികളുമായി വെള്ളിയാഴ്ച്ച (ജനുവരി 6) രാവിലെ 10 മണിയോടെയാണ് സമ്മേളനം എം.സി. ജോസഫൈന്‍ നഗറില്‍ (ടാഗോര്‍ തിയറ്റര്‍) ഉദ്ഘാടന സെഷനോടെ ആരംഭിച്ചത്.
അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ മഹിളാ അസോസിയേഷന്റെ പതാക ഉയര്‍ത്തി. പ്രസ്ഥാനത്തിന്റെ സ്ഥാപകര്‍ക്കും രക്തസാക്ഷികള്‍ക്കും പ്രതിനിധികള്‍ ആദരവര്‍പ്പിച്ചു. സമ്മേളനത്തിനായി 12 സംസ്ഥാനങ്ങളില്‍നിന്നെത്തിയ ദീപശിഖകള്‍ ജ്വലിപ്പിച്ചു.ഉദ്ഘാടന സെഷനില്‍ മാലിനി ഭട്ടാചാര്യ അധ്യക്ഷയായി. അനുശോചന പ്രമേയം അവതരിപ്പിച്ചു കൊണ്ട് സെഷന്‍ ആരംഭിച്ചു. അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് പ്രശസ്ത നര്‍ത്തകിയും മനുഷ്യാവകാശ പ്രവര്‍ത്തകയും കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സിലറുമായ മല്ലിക സാരാഭായി ഉദ്ഘാടനപ്രസംഗം നടത്തി. ബൃന്ദ കാരാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷന്‍ ഓഫ് ക്യൂബന്‍ വിമന്‍ (എഫ്എംസി)യെ പ്രതിനിധീകരിച്ച് അലീഡ ഗുവേര, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവര്‍ സംസാരിച്ചു. ചെറുത്തുനില്‍പ്പിന്റെ ആറ് പ്രതീകങ്ങളെ ഉദ്ഘാടന സമ്മേളനത്തില്‍ ആദരിച്ചു.അടിച്ചമര്‍ത്തലിന്റെ ഈ കാലത്ത് എഐഡിഡബ്ല്യുഎയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ വിവരിച്ച മാലിനി ഭട്ടാചാര്യയുടെ അധ്യക്ഷ പ്രസംഗത്തോടെ സെഷന്‍ അവസാനിച്ചു.
സംഘടനയുടെ അടിത്തറ വിശാലമാക്കേണ്ടതിന്റെയും ഈ ക്രൂരമായ ഭരണകൂടത്തെ നേരിടുന്ന സംഘടനകളുമായും സ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അവര്‍ അടിവരയിട്ടു. സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങ് അവസാനിച്ചതിന് തുടര്‍ന്ന് പ്രതിനിധി സമ്മേളനം ആരംഭിച്ചു.