വ്യോമപാതയിൽ വിസ്മയം തീർത്ത് വ്യോമസേനയുടെ ‘എലിഫന്റ് വാക്ക്’; തേജസിനായി മൂന്ന് എഞ്ചിനുകൾ കൈമാറി

Spread the love

യുഎസ് കമ്പനിവ്യോമസേനയുടെ പ്രവർത്തന സജ്ജതയും സാങ്കേതിക മികവും വിളിച്ചോതി ബെംഗളൂരുവിലെ എലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ ഡോർണിയർ-228 വിമാനങ്ങളുടെ വിസ്മയിപ്പിക്കുന്ന ‘എലിഫന്റ് വാക്ക്’ പ്രകടനം നടന്നു. ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുദ്ധവിമാനങ്ങളോ മറ്റ് എയർക്രാഫ്റ്റുകളോ റൺവേയിൽ തൊട്ടുരുമ്മി അണിനിരക്കുന്ന സൈനിക വ്യോമയാന അഭ്യാസമാണ് ‘എലിഫന്റ് വാക്ക്’ എന്നറിയപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി വിമാനങ്ങളെ ആകാശത്തേക്ക് അയക്കാനുള്ള ഒരു വ്യോമകേന്ദ്രത്തിന്റെ ശേഷിയും ക്രൂ അംഗങ്ങളുടെയും ഗ്രൗണ്ട് മെയിന്റനൻസ് ടീമിന്റെയും കൃത്യമായ ഏകോപനവുമാണ് ഇതിലൂടെ ഇന്ത്യൻ വ്യോമസേന ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. വ്യോമസേനയുടെ ട്രെയിനിംഗ് കമാൻഡാണ് ഈ കരുത്തുറ്റ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ശക്തിയും വിവേകവും സംയോജിക്കുന്ന ‘ബലംച ബുദ്ധിശ്ച’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചാണ് ഈ കഠിന അഭ്യാസം വിജയകരമായി പൂർത്തിയാക്കിയതെന്നും സേന വ്യക്തമാക്കി. സൈനിക നീക്കങ്ങൾ, സമുദ്ര നിരീക്ഷണം, വൈമാനിക പരിശീലനം എന്നിവയ്ക്കായി വ്യോമസേന വിപുലമായി ഉപയോഗിക്കുന്ന മികച്ച ലൈറ്റ് ട്രാൻസ്‌പോർട്ട് വിമാനമാണ് ഡോർണിയർ-228.ഇതിനിടെ, ഇന്ത്യയുടെ അഭിമാന പദ്ധതിയായ തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കായുള്ള മൂന്ന് എഫ്404 എഞ്ചിനുകൾ യുഎസ് പ്രതിരോധ ഭീമനായ ജിഇ എയറോസ്പേസ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) കൈമാറി. വിതരണ തടസ്സങ്ങൾ കാരണം മാസങ്ങളായി വൈകിയിരുന്ന എൻജിൻ ലഭ്യത തേജസ് യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തെയും സേനയിലേക്കുള്ള പ്രവേശനത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഉത്പാദന ലൈൻ പൂർണ്ണ സജ്ജമായിരുന്നിട്ടും എഞ്ചിനുകൾ ലഭിക്കാത്തതിനെ തുടർന്ന് കരാറിലെ വ്യവസ്ഥകൾ പ്രകാരം ജിഇ കമ്പനിക്കെതിരെ എച്ച്എഎൽ പിഴ ചുമത്തുകയും ചെയ്തിരുന്നു. ആകെ 180 തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കാണ് ഇന്ത്യൻ വ്യോമസേന എച്ച്എഎല്ലിന് ഓർഡർ നൽകിയിരിക്കുന്നത് എന്നതിനാൽ, പുതിയ എഞ്ചിനുകൾ എത്തിയത് യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിന് വലിയ വേഗത പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *