ആള്‍ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റ് : കേരള പോലീസിന് മികച്ച നേട്ടം

Spread the love

ഭോപ്പാലില്‍ നടന്ന 66 ാമത് ആള്‍ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റില്‍ കേരള പോലീസിന് മികച്ച നേട്ടം. സയന്‍റിഫിക് എയ്ഡ് ടു ഇന്‍വെസ്റ്റിഗേഷന്‍ എന്ന വിഭാഗത്തില്‍ നടത്തിയ ഫിംഗര്‍ പ്രിന്റ് പ്രായോഗിക പരീക്ഷയില്‍ സ്വര്‍ണ്ണമെഡലും ഫോറന്‍സിക് സയന്‍സ് എഴുത്തുപരീക്ഷയില്‍ വെളളിമെഡലും കേരള പോലീസ് കരസ്ഥമാക്കി. പാലക്കാട് ക്രൈംബ്രാഞ്ച് യൂണിറ്റിലെ സബ്ബ് ഇന്‍സ്പെക്ടര്‍ മനോജ്.കെ.ഗോപി, എറണാകുളം പിറവം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഇന്ദ്രരാജ്.ഡി.എസ് എന്നിവരാണ് യഥാക്രമം സ്വര്‍ണ്ണം, വെളളി മെഡലുകള്‍ നേടിയത്. സയന്‍റിഫിക് എയ്ഡ് ടു ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ ആദ്യമായാണ് കേരള പോലീസ് ഒരേ വര്‍ഷം രണ്ടുമെഡലുകള്‍ കരസ്ഥമാക്കുന്നത്. പോലീസ് ഫോട്ടോഗ്രാഫി ആന്‍റ് വീഡിയോഗ്രാഫി വിഭാഗത്തില്‍ വീഡിയോഗ്രാഫിയില്‍ സ്വര്‍ണ്ണ മെഡലോടെ കേരള പോലീസ് ഒന്നാം സ്ഥാനത്തെത്തി. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ ഫോട്ടോഗ്രഫി യൂണിറ്റിലെ മധു.എസ്, സ്റ്റേറ്റ് ഫോട്ടോഗ്രാഫിക് ബ്യൂറോയിലെ ഇസഡ് രാജു.എ എന്നിവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് കേരള പോലീസിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.ആന്‍റി സബോട്ടാഷ് വിഭാഗത്തില്‍ വി.വി.ഐ.പി ചെക്ക് ആക്സസ് കണ്‍ട്രോളില്‍ ടീം ഇവന്‍റില്‍ മൂന്നാം സ്ഥാനവും കേരള പോലീസിനാണ്. ക്രൈം ബ്രാഞ്ച് എസ്.പി അജി.കെ.കെ ടീം മാനേജരും എം.എസ്.പി കമാന്‍റന്‍റ് കെ.വി.സന്തോഷ് ടീം മെന്‍ററും കേരള പോലീസ് അക്കാഡമി ഡിവൈ.എസ്.പി രാകേഷ്.പി.എസ് അസിസ്റ്റന്‍റ് ടീം മാനേജരുമായിരുന്നു. കണ്ണൂർ ഫോറൻസിക് ലാബ് അസിസ്റ്റൻറ് ഡയറക്ടർ അജീഷ് തെക്കടവൻ ആയിരുന്നു സയൻറിഫിക് എയ്ഡ് ടു ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ മുഖ്യ പരിശീലകൻ.മത്സരങ്ങൾക്കുശേഷം തിരിച്ചെത്തിയ സംഘത്തെ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *