ആറ്റുകാൽ പൊങ്കാല മഹോത്സവം തിങ്കളാഴ്ച ആരംഭിക്കുന്നു
തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി മാസം ഇരുപത്തിയേഴാം തീയതി തിങ്കളാഴ്ച രാവിലെ 4.30 ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്നു. മാർച്ച് ഏഴാം തീയതിയാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല . മാർച്ച് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകൾക്കു ശേഷം 10.30 ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിന് മുൻപിലെ പന്തലിൽ തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം നടന്ന് വിജയശ്രീ ലാളിതയായി വരുന്ന ദേവിയുടെ ഭാഗം പാടിക്കഴിഞ്ഞാലുടൻ തന്നെ തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീ കോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി. കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്ന ശേഷം അതേ ദീപം സഹമേൽശാന്തിയ്ക്ക് കൈമാറും. സഹമേൽശാന്തി ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും . ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജയും , പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട് എന്ന കാര്യം ഭക്തജനങ്ങളെ അറിയിക്കുന്നു.കേന്ദ്ര- സംസ്ഥാന സർക്കാരും ക്ഷേത്ര ട്രസ്റ്റും അതാതു സമയത്ത് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കുത്തിയോട്ടംപൊങ്കാല മഹോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് കുത്തിയോട്ടം . ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ രണ്ടു പ്രധാന നേർച്ചകളാണ് കുത്തിയോട്ടവും , താലപ്പൊലിയും, കാപ്പുകെട്ടി കുടിയിരുത്തി മൂന്നാം ദിവസം മുതലാണ് കുത്തിയോട്ടവ്രതം ആരംഭിക്കുന്നത് .ഇപ്രാവശ്യം കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് പത്ത് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയ്ക്കുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. ഇവർ വ്രതശുദ്ധിയോടെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഏഴുദിവസം താമസിക്കുന്നതാണ്.