ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് മുതൽ തുടക്കമാകും

Spread the love

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് മുതൽ ആരംഭിക്കുന്നു. മാർച്ച് ഏഴാം തീയതിയാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല . മാർച്ച് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകൾക്കു ശേഷം 10.30 ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും.

ക്ഷേത്രത്തിന് മുൻപിലെ പന്തലിൽ തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം നടന്ന് വിജയശ്രീ ലാളിതയായി വരുന്ന ദേവിയുടെ ഭാഗം പാടിക്കഴിഞ്ഞാലുടൻ തന്നെ തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീ കോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി. കേശവൻ നമ്പൂതിരിക്ക് കൈമാറും.

മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്ന ശേഷം അതേ ദീപം സഹമേൽശാന്തിയ്ക്ക് കൈമാറും. സഹമേൽശാന്തി ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും . ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജയും , പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട് എന്ന കാര്യം ഭക്തജനങ്ങളെ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *