വിവാഹ ചടങ്ങിനിടെ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന് 11 കാരിയെ തീക്കൊളുത്തി

Spread the love

വൈശാലി (ബിഹാര്‍): വിവാഹ ചടങ്ങിനിടെ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന് 11 കാരിയെ തീക്കൊളുത്തി. വൈശാലി ജില്ലയില്‍ ബുധനാഴ്‌ച നടന്ന വിവാഹ ചടങ്ങിനിടെ നൃത്തം വച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളുടെ ഇടയിലേക്ക് കടന്നുചെന്ന് ആണ്‍കുട്ടികള്‍ നൃത്തത്തില്‍ പങ്കുചേരാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ അതിക്രമിച്ചുകയറിയതോടെ നൃത്തം അവസാനിപ്പിക്കുകയും തുടര്‍ന്ന് നൃത്തം ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്‌തതോടെയാണ് രണ്ടുപേര്‍ ചേര്‍ന്ന് സംഘത്തിലുണ്ടായിരുന്ന 11 കാരിയുടെ ശരീരത്തിലേക്ക് പെട്രോള്‍ തെളിച്ച് തീ കൊളുത്തി ആക്രമിച്ചത്.’വിവാഹത്തിന്‍റെ ഭാഗമായി ഞങ്ങള്‍ നൃത്തം ചെയ്യുകയായിരുന്നു. അതിനിടെ കുറച്ച് ആണ്‍കുട്ടികള്‍ ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന് നൃത്തം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ തങ്ങള്‍ അവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അവര്‍ തങ്ങളുമായി പ്രശ്‌നത്തിലേര്‍പ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും’ അക്രമത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. തൊട്ടടുത്ത ദിവസം വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടികളുടെ സംഘത്തെ ആണ്‍കുട്ടികള്‍ തടഞ്ഞുനിര്‍ത്തുകയും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഭീഷണി ഉയര്‍ത്തുകയും ചെയ്‌തു. ഇതിന് ശേഷം അവര്‍ അവിടെ നിന്നും മടങ്ങി.ആക്രമണം പിന്തുടര്‍ന്ന്: എന്നാല്‍ പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം നടക്കുന്നത് ഇതിനുപിന്നാലെയാണ്. ശുചിമുറിയില്‍ ചെന്ന് മടങ്ങിയ പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ പിടിച്ചുകൊണ്ടുപോയി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ: വിവാഹ വേദിയില്‍ നിന്ന് മടങ്ങാന്‍ ശ്രമിച്ച ഞങ്ങളെ അവര്‍ അവിടം വിടാന്‍ അനുവദിച്ചില്ല. തങ്ങള്‍ സഹായത്തിനായി ഒച്ച വച്ചതോടെ അവര്‍ സ്ഥലം വിട്ടു. എന്നാല്‍ അതിനുശേഷം ശുചിമുറിയില്‍ പോയി മടങ്ങുന്ന തന്നെ രണ്ട് ആണ്‍കുട്ടികള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ട് ഓടിക്കൂടിയ ആളുകള്‍ ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ഹാജിപുര്‍ സദര്‍ ആശുപത്രിയിലേക്കെത്തിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *