അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അരിക്കൊമ്പന്‍ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്നാണ് സുധാകരന്റെ പരിഹാസം. മകന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഉള്ള എകെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം പാര്‍ടി വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു.നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനിയും പാര്‍ടിയില്‍ എത്തുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നത് വരാന്‍ പോകുന്ന സത്യമാണ്. എകെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണ്. അത് പാര്‍ടി വിരുദ്ധമാണ്. ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിനുവേണ്ടി ചെയ്ത ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മറക്കാനാകില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നും തിളങ്ങുന്ന അധ്യായമാണത്. അദ്ദേഹത്തെ വിലകുറച്ച് കാണിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെപിസിസി ശക്തമായി എതിര്‍ക്കും, നടപടിയെടുക്കും. മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. അത് സ്വാഭാവികമാണ്. ആളുകള്‍ക്ക് പല അഭിപ്രായങ്ങളും കാണും. നൂറ് ശതമാനം എല്ലാ ആളുകള്‍ക്കും ഇഷ്ടപ്പെട്ട പട്ടിക പുറത്തിറക്കാനാകില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.ട്രെയിന്‍ തീവയ്പ് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പ്രതിയെ പിടിക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച പറ്റിയെന്നും അലസമായാണ് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.