മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലി വിവാദം പുകയുന്നു
മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലി വിവാദം പുകയുന്നു. രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന ദുരിതാശ്വാസനിധി കേസ് ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ പ്രതിയായ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന ഇഫ്താറില്‍ പങ്കെടുക്കുന്നത് ജുഡീഷ്യറിയെ അപമാനിക്കലാണെന്നും അതുകൊണ്ടുതന്നെ ഇവരില്‍നിന്നു നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസനിധി കേസിലെ ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാര്‍ അഭിപ്രായപ്പെട്ടു.ഇത്തരം ഒരു നീതിപീഠത്തില്‍നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഫ്താര്‍ സൗഹൃദ സംഗമമാണ്. പ്രതിപക്ഷനേതാവിനും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കെടുക്കാം. എന്നാല്‍ ജുഡീഷ്യല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അങ്ങനെയല്ലെന്നും ശശി കുമാര്‍ ചൂണ്ടിക്കാട്ടി.ഇഫ്താറിനെക്കുറിച്ചുള്ള സര്‍കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ വിഐപികളുടെ പേര് ഇല്ലായിരുന്നു. ലോകായുക്തയും ഉപലോകായുക്തയും ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് സര്‍കാരിനുതന്നെ ബോധ്യമുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. സര്‍കാര്‍ ക്ഷണിച്ചാലും ലോകായുക്തയും ഉപലോകായുക്തയും പോകാന്‍ പാടില്ലായിരുന്നുവെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.ദുരിതാശ്വാസ നിധിക്കേസ് ഈമാസം 12നാണ് ഫുള്‍ ബഞ്ച് പരിഗണിക്കുന്നത്. ലോകായുക്തയും രണ്ട് ഉപലോകായുക്തമാരുമാണ് ബഞ്ചിലുള്ളത്. ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്ന് ലോകായുക്തയും ഉപലോകായുക്തയും പരിഗണിച്ച കേസ് ഫുള്‍ ബഞ്ചിനു വിട്ടിരുന്നു. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നു കാട്ടി 2019ലാണ് ആര്‍ എസ് ശശികുമാര്‍ കേസ് ഫയല്‍ ചെയ്തത്.വിധി പറയാന്‍ വൈകുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം കേസ് വീണ്ടും പരിഗണിച്ചത്.