ജില്ല കളക്ടർ അനു കുമാരി
‘ഗ്രീൻ ചാമ്പ്സ്’ പദ്ധതി: ആദ്യ ഘട്ടത്തിൽ എ എം റ്റി റ്റി ഐ വിളഭാഗത്തിന് ഒന്നാം സ്ഥാനം
ജില്ല കളക്ടർ അനു കുമാരി
വിജയികൾക്ക് പുരസ്‌കാരം നല്കി #
തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളെയും മാലിന്യമുക്തമാക്കുക, വിദ്യാർത്ഥികളിൽ ശുചിത്വബോധം,മാലിന്യ സംസ്കരണത്തിൽ സ്വഭാവ രൂപീകരണം വരുത്തുന്നതിനുമായി സംഘടിപ്പിച്ച ഗ്രീൻ ചാമ്പ്സ് പരിപാടിയുടെ ഒന്നാംഘട്ട വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ല ശുചിത്വമിഷനും വിദ്യാഭ്യാസ വകുപ്പുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കളക്‌ട്രേറ്റ് കോൺഫറസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂളുകളിൽ നടപ്പിലാക്കിയ മാതൃകാപരമായ ശുചിത്വ പ്രവർത്തനങ്ങൾ തുടരണമെന്നും മറ്റ് വിദ്യാലയങ്ങൾക്ക് ഈ പ്രവർത്തനങ്ങൾ പ്രചോദനമാകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, വിദ്യാലയങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വിദ്യാർത്ഥികളുടെ ശുചിത്വബോധം, ഡോക്യുമെന്റേഷൻ എന്നിവയധിഷ്ഠിതമാക്കിയാണ് മൂല്യനിർണ്ണയം നടത്തിയത്. ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ മുന്നിലെത്തിയ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് ജില്ലാതല വെരിഫിക്കേഷൻ പൂർത്തിയാക്കിയത്. ആദ്യ ഘട്ടത്തിൽ എഎംറ്റിറ്റിഐ വിളഭാഗം ( വർക്കല ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിയുപിഎസ് പേരയം, ഗവ. വിഎച്ച് എസ് എസ് വീരണകാവ് എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു. ജി എൽ പി എസ് പുതുകുളങ്ങര മൂന്നാം സ്ഥാനം നേടി. ഗവ. ടൗൺ യു പി എസ് നെടുമങ്ങാട് പ്രോത്സാഹന സമ്മാനം നേടി. വിജയികൾക്ക് ജില്ലാകളക്ടർ പുരസ്‌കാരം നൽകി. 60 മാർക്കിൽ കൂടുതൽ കിട്ടിയ 32 സ്കൂളുകൾക്ക് സബ്കളക്ടർ ആൽഫ്രഡ് ഒ.വി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ജില്ലയിലെ 1,000ത്തിലധികം സ്കൂളുകളിലെ രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂളുകളെ സ്വയംപര്യാപ്ത ‘ഹരിത കാമ്പസുകൾ’ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജു ആർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രോജക്ട് ഓഫീസർ അനഘ എസ്. നായർ പദ്ധതി വിശദീകരിച്ചു. ശുചിത്വമിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർമാരായ സുജ പി എസ്, അനുശ്രീ എൽ.എസ്, തദ്ദേശവകുപ്പ് സീനിയർ സൂപ്രണ്ട് നജീബ് എൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, പ്രോജക്ട് വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

