സൗഹൃദ കേരളത്തിന് യുവത്വം കാവലിരിക്കുന്നു : കെ.എം.വൈ.എഫ് കേരള മൈത്രി ജാഥ നാളെ സമാപിക്കും
തിരുവനന്തപുരം : സൗഹൃദ കേരളത്തിന് യുവത്വം കാവലിരിക്കുന്നു എന്ന പ്രമേയത്തിൽ കെ.എം. വൈ.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരള മൈത്രി ജാഥയെ പൊതുസമൂഹം ഏറെ പ്രതീക്ഷയോടും സന്തോഷത്തോടുമാണ് സ്വീകരിച്ചതെന്ന് ജാഥാ ക്യാപ്റ്റനും കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ ഇലവുപാലം ഷംസുദ്ധീൻ മന്നാന്നി പറഞ്ഞു. കേരള സാമുദായിക ചരിത്രത്തിൽ മതസൗഹാർദ്ദത്തിനുള്ള പങ്ക് വളരെ വലുതാണ്. മുസ്ലിം, ഹൈന്ദവ , ക്രൈസ്തവ , ഐക്യത്തിന് ഉദാത്തമായ മാതൃക ജീവിതത്തിലൂടെ കാണിച്ചു തന്ന നമ്മുടെ പൂർവികരായിരുന്നു കുഞ്ഞായിൻ മുസ്ലിയാരും മങ്ങാട്ടച്ചനും, മഖ്ദൂം , തങ്ങളും ആശാരി തങ്ങളും , മമ്പുറം തങ്ങളും കോന്തുനായരുമെല്ലാം . സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാതൃക ജീവിതത്തിൽ പകർത്തി മാനവികതയുടെ സന്ദേശം ഓതുന്നവയായിരുന്നു ആ മഹാന്മാരുടെ ജീവിതം . പാടിക്കേട്ട ഈ ജീവിത മഹാകാവ്യങ്ങളും പറയാൻ മറന്ന പല സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഈരടികൾ ഇന്ന് ജീവിക്കുന്ന സമൂഹം മറക്കുന്നുവെന്നത് ഇന്നിന്റെ നേർക്കാഴ്ചകളാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ വിവിധ മത, രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങളിലിരിക്കുന്ന പണ്ഡിതശ്രേഷ്ടരും നേതാക്കളും ജാഥയുടെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജാഥയെ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായി. വ്യത്യസ്ത ആശയങ്ങളും നിലപാടകളും ഉള്ളപ്പോൾ തന്നെ കേരളത്തിന്റെ സൗഹാർദ്ധവും സമാധാന അന്തരീക്ഷവും തിരിച്ചുപിടിക്കാനും ശക്തിപ്പെടുത്താനും അവർ ഒറ്റക്കെട്ടായി കെ.എം.വൈ.എഫിന് പിന്തുണ നൽകുകയായിരുന്നു. മുഴുവൻ കേരളീയരും മതസൗഹാർദ്ദത്തിന്റെ കാവലാളുകളാവണമെന്ന് ജാഥ ആഹ്വാനം ചെയ്തു.