കേരള സാങ്കേതിക സർവകലാശാല ബി.ടെക് അഞ്ചാം സെമസ്റ്ററിൽ നടപ്പിലാക്കിയിരുന്ന ഇയർബാക്ക് രീതി താത്കാലികമായി ഒഴിവാക്കാൻ പുതിയ കെ.ടി.യു സിൻഡിക്കേറ്റിന്റെ ആദ്യ യോഗത്തിൽ തീരുമാനമായി. ആദ്യ രണ്ട് സെമസ്റ്ററുകളിൽ നിന്ന് നിശ്ചിത ക്രെഡിറ്റ് നേടിയാൽ മാത്രമേ അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകൂ എന്ന കർശന നിബന്ധനയാണ് ഇതിലൂടെ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. 2024 സ്കീമിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആശങ്കകൾ മുൻനിർത്തിയാണ് ഈ തീരുമാനം.
ഇയർബാക്ക് വ്യവസ്ഥ വിദ്യാർത്ഥികളുടെ തുടർപഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ വിദ്യാർത്ഥി സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥികളുടെ ന്യായമായ ഈ ആവശ്യത്തിൽ അടിയന്തരമായി ഇടപെടാനും ഉചിതമായ തീരുമാനമെടുക്കാനും പുതിയ സിൻഡിക്കേറ്റിന് നിർദ്ദേശം നൽകിയിരുന്നു. 2024ൽ മുൻ സർക്കാരിന്റെ കാലത്ത് ബോർഡ് ഓഫ് ഗവേണൻസ് എടുത്ത തീരുമാനമാണ് പുതിയ സിൻഡിക്കേറ്റ് യോഗത്തിൽ റദ്ദാക്കിയത്.

