ദശലക്ഷക്കണക്കിന് ഭക്തജനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടത്തി
തിരുവനന്തപുരം: കർക്കടകവാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കി. ദശലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടത്തിയത്.തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ജില്ലാ കളക്ടർ അനുകുമാരി പിതൃതർപ്പണം നടത്തി. തിരുവല്ലം ക്ഷേത്രത്തിനുപുറമെ ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കോഴിക്കോട് വരക്കൽ ദേവി ക്ഷേത്രം തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം പുലർച്ചെ രണ്ടു മണിയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.ഹരിതചട്ടം പൂർണ്ണമായും പാലിച്ചാണ് ബലിതർപ്പണം പുരോഗമിക്കുന്നത്. വൈകുന്നേരം വരെ തർപ്പണച്ചടങ്ങുകൾ തുടരും. ഭക്തജനങ്ങളുടെ തിരക്ക് പരിഗണിച്ച് വിപുലമായ സുരക്ഷാ സംവിധാനങ്ങളും കെഎസ്ആർടിസിയുടെ പ്രത്യേക ബസ് സർവീസുകളും സജ്ജീകരിച്ചിട്ടുണ്ട്.

