7 പ്രതികൾ അറസ്റ്റിൽ ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ് ;ഇഡി സംഘത്തിന് നേരായ അക്രമത്തിൽ വിശദാംശങ്ങൾ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Spread the love

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധനയ്ക്ക് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമത്തിൽ 7 പ്രതികൾ അറസ്റ്റിൽ. സിപിഎം പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച 7 പ്രതികൾ ഉൾപ്പെടെ 7 പേരാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്. നേരത്തെ നേമം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നും ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ നന്ദാവനത്തുള്ള ആംഡ് റിസർവ്വ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സിപിഎം പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് സമീപം വൻ സംഘർഷമാണ് ഉണ്ടായത്. തുടർന്ന് എഡിജിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് സിപിഎം നേതാക്കൾ പ്രതികളെ കൈമാറുകയായിരുന്നു.അതേസമയം ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിനോടും ഡിജിപിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര റിപ്പോർട്ട് തേടി. പശ്ചിമ ബംഗാളിൽ മുൻപ് ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ സമാനമായ ആക്രമണം ഉണ്ടായപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. കേരളത്തിലും ഇ ഡി ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാന പൊലീസിന് വീഴ്ച പറ്റി എന്ന വിലയിരുത്തലിലാണ് കേന്ദ്രം. സംഭവത്തിൽ ഇ ഡി ഡയറക്ടർ രാഹുൽ നവീൻ, കേരളത്തിന്റേയും തമിഴ്നാടിന്റേയും ചുമതലയുള്ള അഡീഷണൽ ഡയറക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ഇന്ന് തന്നെ പൊലീസിൽ ഔദ്യോഗിക പരാതി നൽകുമെന്നാണ് വിവരം.സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന റെയ്ഡിന് ശേഷമാണ് തലസ്ഥാന നഗരിയെ യുദ്ധക്കളമാക്കിയുള്ള അക്രമം അരങ്ങേറിയത്. വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള നാലംഗ ഇ ഡി സംഘവും അവർക്ക് സുരക്ഷയൊരുക്കിയ എട്ടംഗ സിആർപിഎഫ് സേനയും മടങ്ങാൻ തുടങ്ങിയതോടെ പ്രതിഷേധിച്ച് തടിച്ചുകൂടിയവർ അക്രമാസക്തരാകുകയായിരുന്നു.​ഇ ഡി സംഘം സഞ്ചരിച്ച മൂന്ന് ടാക്സി കാറുകളുടെ ചില്ലുകൾ അക്രമികൾ കല്ലും വടികളും ഉപയോഗിച്ച് തകർത്തു. ആക്രമണത്തിൽ ഇ ഡി വാഹനത്തിന്റെ ഡ്രൈവറായ ശ്രീകാര്യം സ്വദേശി ശ്യാമിന് ഗുരുതരമായി പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *