ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

Spread the love

കോട്ടയം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം. നിലവിൽ പാലായിൽ ഷോൺ ജോർജ് വാടകയ്ക്ക് താമസിക്കുന്ന വീടിന് നേരെയാണ് പ്രതിഷേധ മാർച്ച് നടന്നത്. സിപിഎമ്മിന്റെ പ്രതിഷേധ മാർച്ചിനെ പ്രതിരോധിക്കാനായി ബിജെപി പ്രവർത്തകരും സ്ഥലത്ത് തടിച്ചു കൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. സ്ഥിതിഗതികൾ അക്രമാസക്തമാകാതിരിക്കാൻ വൻ പൊലീസ് സന്നാഹമാണ് ഷോൺ ജോർജിന്റെ വീടിന് മുന്നിലുള്ളത്. മാസപ്പടി കേസിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി റെയ്ഡ് നടന്നതിന് പിന്നാലെയാണ് കേസിൽ നിരന്തരം നിയമപോരാട്ടം നടത്തുന്ന ഷോൺ ജോർജിന്റെ വീടിന് നേരെ സിപിഎം പ്രവർത്തകർ സംഘടിച്ച് പ്രതിഷേധ മാർച്ച് നടത്തിയത്. ഇഡി പരിശോധന പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് വെച്ച് സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസിന് പിന്നിൽ പ്രവർത്തിച്ച ഷോൺ ജോർജിനെതിരെയും പ്രതിഷേധം കടുപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *