പൂജക്ക് മാത്രം ഉപയോഗിക്കും; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും
തിരുവനന്തപുരം: ജീവനെടുക്കാന്‍ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന സംശയം ശക്തമായതോടെ അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്ക്. പ്രസാദത്തിലും നിവേദ്യത്തിലും ഇന്ന് മുതല്‍ അരളിപ്പൂവ് ഉപയോഗിക്കില്ല. പൂജയ്ക്ക് മാത്രം അരളിപ്പൂവ് ഉപയോഗിക്കാനാണ് തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മലബാര്‍ ദേവസ്വം ബോര്‍ഡും അരളിപ്പൂവിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് സര്‍ക്കുലറിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളിയും അറിയിച്ചിട്ടുണ്ട്.അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിഷയം വലിയ തോതില്‍ ചര്‍ച്ചയായത്. കഴിഞ്ഞദിവസം അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തതോടെ ഭീതിയും വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മലബാര്‍ ദേവസ്വം ബോര്‍ഡും അരളിപ്പൂവിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.