ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു

Spread the love

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസി മോചനം സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ ഇവര്‍ ഇറാനില്‍നിന്നും പുറപ്പെട്ടെന്നാണ് വിവരം. എന്നാല്‍ അഞ്ചുപേരുടെ പേരുവിവരം ഇറാനോ ഇന്ത്യന്‍ എംബസിയോ പുറത്തുവിട്ടിട്ടില്ല.എം.എസ്.സി. ഏരീസ് എന്ന കപ്പിലില്‍ ഉണ്ടായിരുന്ന 25 ജീവനക്കാരില്‍ 17 പേര്‍ ഇന്ത്യക്കാര്‍ ആയിരുന്നു. ഇതില്‍ നാലുപേര്‍ മലയാളികളാണ്. കപ്പലിലെ ഏക വനിതാ ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശി ഡെക്ക് കേഡറ്റ് ആന്‍ ടെസ ജോസഫിനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റുളളവരെ വിട്ടയക്കുന്നതില്‍ ഇറാന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ എം.എസ്.സി. ഏരീസുമായിട്ടുള്ള കരാര്‍ സംബന്ധമായ കാര്യങ്ങള്‍ പരി?ഗണിച്ചാവും ഇവര്‍ക്കുള്ള മോചനം എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ ഇപ്പോള്‍ മോചിപ്പിച്ചത്.ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ മോചിപ്പിക്കും എന്നാണ് അറിയുന്നത്. അതിനായുള്ള ചര്‍ച്ചകള്‍ നയതന്ത്രതലത്തില്‍ തുടരുകയാണ്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിലെ മറ്റു മലയാളികള്‍.ഏപ്രില്‍ 13-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മൂസ് കടലിടുക്കില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇസ്രയേല്‍ ശതകോടീശ്വരനായ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സൊഡിയാക് മാരിടൈം കമ്പനിയുടെതേണ് കപ്പല്‍. ഇറ്റാലിയന്‍-സ്വീസ് കമ്പനിയായ എം.എസ്.സി.യാണ് കപ്പലിന്റെ നടത്തിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *