മഹിളാ കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനെപ്പറ്റി കോണ്‍ഗ്രസില്‍ കൂട്ടപ്പരാതി

Spread the love

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനെപ്പറ്റി കോണ്‍ഗ്രസില്‍ കൂട്ടപ്പരാതി. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന പലരെയും തഴഞ്ഞാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി 10 എം.പി.മാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്ക് പരാതിനല്‍കി. പ്രവര്‍ത്തനപരിചയം പരിഗണിക്കാതെയാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്നാണ് പ്രധാന ആക്ഷേപം. കെ.പി.സി.സി. അധ്യക്ഷന്‍പോലും അറിയാതെയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നേതൃതലത്തിലും കൂടിയാലോചനകളുണ്ടായില്ല.പ്രസിഡന്റായി ജെബി മേത്തറെ തുടരാന്‍ അനുവദിച്ചുള്ള ഭാരവാഹി പട്ടികയ്ക്കാണ് എ.ഐ.സി.സി. അംഗീകാരം നല്‍കിയത്. നാല് വൈസ് പ്രസിഡന്റുമാരെയും 18 ജനറല്‍ സെക്രട്ടറിമാരെയും 14 ജില്ലാപ്രസിഡന്റുമാരെയുമാണ് പ്രഖ്യാപിച്ചത്.ഭൂരിപക്ഷം ജില്ലകളിലും സംഘടനയില്‍ സജീവമായവരെ മറികടന്നാണ് ജില്ലാപ്രസിഡന്റുമാരെ നിശ്ചയിച്ചത്. ഇക്കാര്യത്തില്‍ കൂടിയാലോചനകളുണ്ടായില്ലെന്ന് എം.പി.മാര്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് ഒരുപദവി എന്നത് റായ്പുര്‍ ചിന്തന്‍ ശിബിരത്തിലും കോഴിക്കോട് ചിന്തന്‍ശിബിരത്തിലും അംഗീകരിച്ചതാണ്. എന്നിട്ടും മഹിളാകോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഈ മാനദണ്ഡം പാലിക്കാന്‍ ശ്രമിക്കാത്തത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.മഹിളാ കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക കെ.പി.സി.സി. പ്രസിഡന്റ് സംഘടനാ നേതൃത്വത്തിന് കൈമാറിയിരുന്നു. ഇതിനൊപ്പം, നിലവിലെ നേതൃത്വത്തിലുള്ളവരില്‍നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സ്ഥാനങ്ങളെക്കുറിച്ച് ജെബി മേത്തര്‍ രേഖാമൂലം എഴുതിവാങ്ങുകയും ചെയ്തിരുന്നു.മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവരും കെ.പി.സി.സി. പ്രസിഡന്റും നല്‍കിയ പേരുകളൊന്നും പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ പരിഗണിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.സംസ്ഥാന പ്രസിഡന്റ് നല്‍കിയ പട്ടികമാത്രമാണ് എ.ഐ.സി.സി. പരിഗണിച്ചതെന്ന് എം.പി.മാര്‍ ആരോപിച്ചു. വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സ്ത്രീകളായ ഒരു സംസ്ഥാനത്ത് മഹിളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തമാകേണ്ടത് രാഷ്ട്രീയമായി ഏറെ പ്രധാനമാണ്. അത്തരമൊരു ഗൗരവം ഭാരവാഹികളെ നിശ്ചയിക്കുന്നതിലുണ്ടായില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *