മുന്‍ എം.എല്‍.എ. എസ്.രാജേന്ദ്രന്‍ പാര്‍ട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം

Spread the love

മൂന്നാര്‍: മുന്‍ എം.എല്‍.എ. എസ്.രാജേന്ദ്രന്‍ പാര്‍ട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം. രാജേന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന എ.രാജായ്‌ക്കെതിരേ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചെന്ന് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡുചെയ്തത്.സസ്‌പെന്‍ഷന്‍ കാലാവധിക്കുശേഷം അംഗത്വം പുതുക്കുന്നതിനായി നേതാക്കള്‍ രാജേന്ദ്രന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, അദ്ദേഹം അതിന് തയ്യാറായില്ല. ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ രാജേന്ദ്രനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ച് അദ്ദേഹം കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. തുടര്‍ന്നും പ്രചാരണപരിപാടികളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു.പിന്നീട് ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. സമീപകാലത്തായി രാജേന്ദ്രന്‍ മാധ്യമങ്ങളിലൂടെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിവരുകയാണ്. രാജേന്ദ്രനെ അനുകൂലിക്കുന്നവരെ പാര്‍ട്ടി അടിച്ചൊതുക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്.അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെയാണ് ഇത്തരത്തില്‍ വളച്ചൊടിച്ചത്. ഇരുകൂട്ടര്‍ക്കുമെതിരേ പോലീസ് കേസുണ്ട്. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ഏരിയാ സെക്രട്ടറി കെ.കെ.വിജയന്‍, എം.ലക്ഷ്മണന്‍, ആര്‍.ഈശ്വരന്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *