കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു

Spread the love

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു. ഇന്ന് തിരുവനന്തപുരത്തെ മീറ്റ് ദ പ്രസില്‍ അടൂര്‍ നിലപാട് അറിയിച്ചു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയുമാണ് അടൂരിന്റെ അതൃപ്തിക്ക് കാരണം.ഉച്ചയ്ക്ക് 12 മണിയ്ക്ക് ചേർന്ന വാര്‍ത്താ സമ്മേളത്തില്‍ അടൂര്‍ രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉന്നതസ്ഥാനങ്ങള്‍ രാജിവച്ചത്.മാര്‍ച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അടൂരിന്റെ കാലാവധി. അതേസമയം അടൂര്‍ സ്ഥാനത്ത് തുടരണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശങ്കര്‍മോഹന്‍ രാജിവെച്ചതിന് പിന്നാലെ അടൂരിന്റെ രാജി ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം അടൂരിന് പിന്തുണ ലഭിച്ചിരുന്നു.സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ അടൂരിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തുന്നത്. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയെ എത്തിച്ചയാളാണ് അടൂര്‍. അതിപ്രശസ്തമായ സാഹിത്യകൃതികള്‍ക്ക് ദൃശ്യ ഭാഷ നല്‍കിയത് അടൂരിന്റെ വലിയ സംഭാവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ദേശാഭിമാനി വാര്‍ഷികാഘോഷ സമാപനത്തിലാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *