മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി നിരീക്ഷകരായി അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തിലേക്ക്
ന്യൂഡല്‍ഹി: പത്തു വര്‍ഷത്തെ ഇടതുഭരണം തകര്‍ത്തെറിഞ്ഞ് അതിശക്തമായ തിരിച്ചുവരവു നടത്തിയ യുഡിഎഫിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെ ടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാന്‍ഡ്. കേന്ദ്ര നിരീക്ഷകരായി അജയ് മാക്കനേയും മുകുള്‍ വാസ്‌നിക്കിനേയും എഐസിസി നിയോഗിച്ചു. സംസ്ഥാനത്തെ എംഎല്‍എമാരില്‍ നിന്നും അഭിപ്രായം തേടി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിനു കൈമാറും.പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ അഭിപ്രായം തേടിയ ശേഷം കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി നീക്കം.നിയമസഭാ കക്ഷി യോഗം തീരുമാനിക്കുന്നതനുസരിച്ച് ഇരുവരും കേരളത്തിലേക്ക് എത്തും. എംഎല്‍എമാരില്‍ നിന്ന് വ്യക്തിഗതമായി അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷം ഇവര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ അഭിപ്രായം തേടുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെങ്കിലും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിന്റേതായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങിയവരെല്ലാം മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള അണിയറ നീക്കം സജീവമാക്കിയിരിക്കയാണ്.

