ഡിജിറ്റല്‍ മാനേജ്മെന്റിനെയും ഐ.ടി. വകുപ്പിനെയും മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഐ.ടി. സെക്രട്ടറിയായി ശിവശങ്കര്‍ വന്നശേഷം അഴിമതിയുടെ അക്ഷയഖനിയാക്കി ഡിജിറ്റല്‍ മാനേജ്മെന്റിനെയും ഐ.ടി. വകുപ്പിനെയും മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് ഐ.ടി. വകുപ്പിലും ഡിജിറ്റല്‍ വകുപ്പിലും 2018 മുതല്‍ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെയും കുറിച്ച് സമഗ്രാന്വേഷണം വേണം. പ്രത്യേകിച്ചും കെല്‍ട്രോണിനെ മുന്‍നിര്‍ത്തി നടത്തിയിട്ടുള്ള അഴിമതികളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.അഴിമതി നടത്താനുള്ള പദ്ധതി ആദ്യം തയ്യാറാക്കുന്നു. അതിനുശേഷം എസ്.ആര്‍.ഐ.ടി. പോലെയുള്ള കമ്പനികളെ കൊണ്ടുവരുന്നു. 100 കോടി രൂപയില്‍ താഴെയായി നടപ്പാക്കാന്‍ കഴിയുമായിരുന്ന എ.ഐ. ക്യാമറ പദ്ധതിയുടെ ചെലവ് 232 കോടിയായെന്നും ചെന്നിത്തല പറഞ്ഞു.സേവ് കേരളാ പദ്ധതിക്ക് മുന്‍പുതന്നെ എസ്.ആര്‍.ഐ.ടി.ക്ക് അശോക ബില്‍ഡ്കോണുമായി ബന്ധമുണ്ടായിരുന്നതായി ചെന്നിത്തല വെളിപ്പെടുത്തി. കെ.ഫോണ്‍ പദ്ധതിയുടെ കരാര്‍ നേടിയ എസ്.ആര്‍.ഐ.ടി. 313 കോടിയുടെ ഉപകരാര്‍ അശോകയ്ക്ക് 2019-ല്‍ നല്‍കി. അവര്‍ക്ക് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് പരിചയമുണ്ടോ, സാങ്കേതികത്തികവുണ്ടോ എന്നതൊന്നും സര്‍ക്കാര്‍ പരിശോധിച്ചതായി അറിയില്ല. അശോകയാകട്ടെ, മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കമ്പനിയായ പ്രസാഡിയോയ്ക്ക് ഉപകരാര്‍ നല്‍കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ക്യാമറ വയ്ക്കുന്നതിന്റെ ചുമതലയും പ്രസാഡിയോയ്ക്ക് നല്‍കി. ആ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.കെ.ഫോണിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ള ഏഴു വര്‍ഷത്തേക്ക് മെയിന്റനന്‍സിനു മാത്രമായി 363 കോടി രൂപ വകയിരുത്തിയതായിരുന്നു. മെയിന്റനന്‍സ് ഉള്‍പ്പെടെ 363 കോടി രൂപ എസ്.ആര്‍.ഐ.ടിക്കും ഭാരത് ഇലക്ട്രോണിക്സിനും നല്‍കിയിട്ടും ഈ മാര്‍ച്ച് 24-ന് എസ്.ആര്‍.ഐ.ടി.യുടെ ടെന്‍ഡര്‍ അംഗീകരിച്ച് ഉത്തരവിറക്കുന്നു. ഇതില്‍ പറയുന്നത് കെ ഫോണ്‍ വരുമാനത്തിന്റെ 10 മുതല്‍ 12 ശതമാനം വരെ ഈ കമ്പനിക്ക് നല്‍കാമെന്നാണ്. ഏഴു വര്‍ഷത്തെ മെയിന്റനന്‍സിനു വേണ്ടി 363 കോടി രൂപ ആദ്യ ടെന്‍ഡറില്‍ വയിരുത്തിയ ശേഷം പിന്നെയെന്തിനാണ് വീണ്ടും ടെന്‍ഡര്‍വിളിച്ച് വരുമാനത്തിന്റെ പത്തു മുതല്‍ 12 ശതമാനം വരെ എസ്.ആര്‍.ഐ.ടി.ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇതിലെല്ലാം ദുരൂഹമായ ഇടപാടുകളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.ടെന്‍ഡറിന് മുന്‍പ് എല്ലാ കൂട്ടുകച്ചവടവും ഉറപ്പിക്കുന്നു. കമ്പനി ചിലത് തീരുമാനിക്കുന്നു. എന്നിട്ട് ഉപകരാറുണ്ടാക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പണം ഈ ഉപകരാറുകാരുടെ കൈകളിലെത്തുന്നു. ഇത് രാഷ്ട്രീയമായ പിന്‍ബലത്തോടെ നടന്ന ഒരു അഴിമതിയല്ലെങ്കില്‍ പിന്നെ എന്താണ്? എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.സംസ്ഥാനത്ത് സ്പ്രിങ്ക്ളര്‍ മുതല്‍ എ.ഐ. ക്യാമറ വരെ ഒരേ രീതിയിലുള്ള അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഒരു കമ്പനിയാണ് ഇതിന്റെ പിന്നിലുള്ളതെന്ന് വ്യക്തമായിട്ടും മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. കള്ളം കൈയോടെ പിടിക്കുമ്പോള്‍ ഉത്തരം മുട്ടുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്. ലാവ്ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ടും അന്ന് അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല. അന്ന് അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ഇന്ന് മുഖ്യമന്ത്രിയാണ്. ആരോപണങ്ങളുയരുമ്പോള്‍ മറുപടി പറയുക എന്നത് രാഷ്ട്രീയ മര്യാദയാണെന്നും ചെന്നിത്തല വ്യക്തമാക്കി.