കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ മന്ത്രി നയിക്കും
2026 ഏപ്രിൽ 28 ന് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (SCO) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ മന്ത്രി ശ്രീ.രാജ്‌നാഥ് സിംഗ് നയിക്കും. യോഗത്തിൽ, വിവിധ അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ മേഖലയിലെ പ്രതിരോധവും സുരക്ഷയും സംബന്ധിച്ച നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. അന്താരാഷ്ട്ര സമാധാനം, ഭീകരവാദത്തിനെതിരായ പോരാട്ടം, SCO അംഗരാജ്യങ്ങൾക്കിടയിലെ പ്രതിരോധ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും. പശ്ചിമേഷ്യയിലെ സാഹചര്യം കാരണം ഭൗമരാഷ്ട്രീയ പ്രക്ഷുബ്ധത അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ വർഷത്തെ SCO യോഗം നടക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ രാഷ്ട്രീയ, സാമ്പത്തിക സംഘടനകളിൽ ഒന്നായ SCO, നിലവിലുള്ള സംഘർഷത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്തേക്കാം.ആഗോള സുരക്ഷാ വെല്ലുവിളികൾക്കിടയിലും, ആഗോള സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രതിരോധ മന്ത്രി ഉയർത്തിക്കാട്ടുകയും ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരായ സഹിഷ്ണുതയില്ലായ്മയെക്കുറിച്ചുള്ള ഇന്ത്യയുടെ സ്ഥിരമായ നിലപാട് വ്യക്തമാക്കുകയും ചെയ്യും. യോഗത്തോടനുബന്ധിച്ച്, പങ്കെടുക്കുന്ന ചില രാജ്യങ്ങളിലെ അംഗങ്ങളുമായി ശ്രീ രാജ്‌നാഥ് സിംഗ് ഉഭയകക്ഷി ചർച്ചകൾ നടത്താനും സാധ്യതയുണ്ട്.2001 ജൂൺ 15 ന് ചൈനയിലെ ഷാങ്ഹായിൽ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സർക്കാർ സംഘടനയാണ് SCO. ഇന്ത്യ, റഷ്യ, ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ, ബെലാറസ് എന്നിവ ഇതിൽ അംഗങ്ങളാണ്. 2017-ൽ ഇന്ത്യ പൂർണ്ണ അംഗമായി, 2023 ൽ റൊട്ടേഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.

