ഷെൽട്ടർ ഹോമിലെ അന്തേവാസികളെ ക്രൂരമായ മർദ്ദനം ഏഴു പേർ അറസ്റ്റിൽ

Spread the love

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂര്‍ ഗ്രാമത്തിലാണ് സംഭവം.വില്ലുപുരത്തുള്ള അന്‍പ് ജ്യോതി ആശ്രമം എന്ന സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള കൊടും ക്രൂരതകളാണ് ഇവിടുത്തെ അന്തേവാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. മൂവാറ്റുപുഴ സ്വദേശികളായ ബി.ജുബിന്‍, ഭാര്യ ജെ.മരിയ എന്നിവരും മറ്റ് അഞ്ചുപേരുമാണ് അറസ്റ്റിലായത്.ആശ്രമത്തിലെ അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെ ഉപയോഗിച്ച്‌ ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. അമേരിക്കയില്‍ താമസിക്കുന്ന സലീം ഖാന്‍ എന്ന വ്യക്തി മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഒരു പരാതിയാണ് ഷെല്‍ട്ടര്‍ ഹോമിലെ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടുവന്നത്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, വര്‍ഷങ്ങളായി ഷെല്‍ട്ടര്‍ ഹോമില്‍ തടവുകാരെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തുകയായിരുന്നു.തന്നെ വര്‍ഷങ്ങളോളം ബലാത്സംഗത്തിനിരയാക്കിയതായി ഒഡിഷ സ്വദേശിയായ യുവതി രക്ഷാപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ലൈംഗിക ചൂഷണത്തെ എതിര്‍ത്തപ്പോഴൊക്കെ രണ്ട് കുരങ്ങുകള്‍ക്കൊപ്പം കൂട്ടില‌ടച്ചതായും യുവതി വെളിപ്പെടുത്തുന്നു. ബലാത്സംഗ ശ്രമങ്ങളെ ചെറുത്തപ്പോഴൊക്കെ ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നെന്നും യുവതി വെളിപ്പെടുത്തി.സ്ത്രീകളെ ജനാലകളുടെ ഗ്രില്ലിനോട് ചേര്‍ന്ന് കെട്ടിയിടുമായിരുന്നു. ശേഷം ഉറക്കഗുളികയോ ലഹരി മരുന്നുകളോ നല്‍കിയാണ് ജീവനക്കാര്‍ ഇവരെ ബലാത്സംഗം ചെയ്തിരുന്നത്. എതിര്‍ക്കുന്ന സ്ത്രീകളെ ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കും. അല്ലെങ്കില്‍ കുരങ്ങുകളെ കൊണ്ട് ഉപദ്രവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും യുവതി പറഞ്ഞു. മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആശ്രമത്തില്‍ നടന്ന ബലാത്സംഗ, പീഡന സംഭവങ്ങള്‍ പുറത്തുവന്നത്. നിലവില്‍ 100ലധികം പേരെ ഈ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒഴിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *