ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ
വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട പന്നിയോട് കുന്നിൽ വീട്ടിൽ ബിജു ഭാര്യ ലത (45) യെയാണ് കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വി യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന തിരുവനംന്തപുരം സ്വദേശിയായ ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളിൽ കഞ്ചാവ് നൽകാൻ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. പ്രതി ലതയുടെ കൈവശം ഉണ്ടായിരുന്ന ഹാൻ്റ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജയിലിനുള്ളിൽ കിടക്കുന്ന പ്രതികൾക്ക് മയക്ക് മരുന്നുകൾ എത്തിക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്നത് ദേഹപരിശോധന മറി കടക്കാനാണ്. അതിനെയാണ് ജയിൽ അധികൃതരും കോലഴി എക്സൈസും ചേർന്ന് തകർത്തത്. ശരീരത്തിൽ ഒളിപ്പിച്ചും മയക്ക് മരുന്ന് കടത്താൻ ശ്രമിക്കാറുണ്ട്. 80gm കഞ്ചാവാണ് കണ്ടെടുത്തത്. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം. സജീവ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ മാരായ സുധീർകുമാർ എം.എസ്. ജിതേഷ് കുമാർ എം.എസ്. വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ അമിത.കെ, സോന ഉണ്ണി വി.സി. എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.