കേരള സവാരിയിലൂടെ ആംബുലൻസ് ബുക്കിംഗും ഓൺലൈനിലേക്ക്
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’ വഴി ഇനിമുതൽ ആംബുലൻസ് ബുക്കിംഗും ലഭ്യമാകും. ഇതുസംബന്ധിച്ച സേവനവ്യവസ്ഥകളിൽ തൊഴിലാളി സംഘടനകളുമായി ധാരണയായിട്ടുണ്ട്. ആംബുലൻസുകൾക്ക് സർക്കാർ അംഗീകൃത നിരക്കായിരിക്കും ഈടാക്കുക. 108 ആംബുലൻസ് സംവിധാനം നിലവിലുള്ളതിനാൽ ആദ്യഘട്ടത്തിൽ അടിയന്തരസേവനങ്ങൾ നൽകില്ല. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രകൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.സംസ്ഥാനത്തെ 9000 സ്വകാര്യ ആംബുലൻസുകളുടെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, വിവിധ പൊതുഗതാഗത സംവിധാനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ സേവനങ്ങൾ ഒരു മാസത്തിനുള്ളിൽ കേരള സവാരി ആപ്പിൽ ലഭ്യമാകും. ഇതിലൂടെ മെട്രോ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ എന്നിവയുടെ ടിക്കറ്റുകൾ മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാൻ സാധിക്കും.

