തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3823 കടന്നു

Spread the love

ഇസ്താംബുൾ: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3823 കടന്നു. എന്നാൽ മരണ സംഖ്യ ഇതിനേക്കാൾ 8 മടങ്ങ് വർധിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. തുർക്കിയിൽ മാത്രം 2,379 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിറിയയിൽ 1,444 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നൂറുകണക്കിനുപേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തുടർചലനങ്ങളും ഉണ്ടായി. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങൾ കൂടി ഉണ്ടായി. ഇനിയും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് തുർക്കി ദുരന്തനിവാരണ ഏജൻസി അറിയിച്ചു.ഭൂചലനത്തിൽ ദുരിതക്കയത്തിലായ ഇരുരാജ്യങ്ങൾക്കും സഹായവാഗ്ദാനവുമായി ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ദുരന്തനിവാരണത്തിനായി രണ്ടു എൻഡിആർഎഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചത്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇസ്രയേൽ, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങിിയ രാജ്യങ്ങളാണ് സഹായവാഗ്ദാനം മുന്നോട്ടു വച്ചത്. ഇതിനകം 45 ലോകരാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *