ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍

Spread the love

ആശാവര്‍ക്കര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചു. ഓണറേറിയം നല്‍കുന്നതിന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും ഇന്‍സെന്റീവ് നല്‍കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയുമാണ് ഉത്തരവ്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെയും ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാനത്ത് ആശവക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് 10 മാനദണ്ഡങ്ങളാണുള്ളത്. അതില്‍ ഇളവ് വേണമെന്നും എല്ലാമാസവും കൃത്യമായി ഹോണറേറിയം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സിഐടിയു ഉള്‍പ്പെടെയുള്ള ആശാവര്‍ക്കര്‍മാരുടെ സംയുക്ത സമരം നടന്നത്. സംഘടനയുടെ ആവശ്യപ്രകാരം ഫെബ്രുവരി ആറാം തീയതി തന്നെ വിഷയത്തില്‍ ആരോഗ്യ വകുപ്പ് ചര്‍ച്ച നടത്തി.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെയും ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയെ രൂപീകരിച്ചു. വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഫെബ്രുവരി 20-ാം തീയതിയാണ് നിലവിലെ ആശമാരുടെ പ്രതിമാസ ഓണറേറിയത്തിനായുള്ള മുഴുവന്‍ ഉപാധികളും ഒഴിവാക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്.

മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെ സിഐടിയു സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ ശുപാര്‍ശ അംഗീകരിച്ച് ആശമാരുടെ ഹോണറേറിയവും ഇന്‍സെന്റീവും നല്‍കുന്നതിനായുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി.

പുതിയ ഉത്തരവ് പ്രകാരം, ആശമാര്‍ക്ക് ഓണറേറിയമായി ലഭിക്കുന്ന ഏഴായിരം രൂപ അനുവദിക്കുന്നതിന് നിശ്ചയിച്ചിരുന്ന മുഴുവന്‍ മാനദണ്ഡങ്ങളും ഒഴിവാക്കി. പ്രതിമാസം നല്‍കിവരുന്ന 3000/- രൂപ വരെയുള്ള ഫിക്‌സഡ് ഇന്‍സെന്റീവ് അനുവദിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയുമാണ് ഉത്തരവ്. ഉത്തരവിലൂടെ സര്‍ക്കാര്‍ ആശമാരുടെ ആവശ്യങ്ങള്‍ക്കൊപ്പമാണെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *