ശബരിമല സ്വർണകൊള്ളക്കെതിരെ ബിജെപിയുടെ രാപ്പകൽ ഉപരോധസമര സമാപനനത്തിൽ : പങ്കെടുത്തത് പതിനായിരങ്ങൾ
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ ദേവസ്വം മന്ത്രി വാസവന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാസവനെ രക്ഷിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും സാധാരണക്കാരുടെ വേദനയും ദേഷ്യവും ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ബിജെപിയുടെ ഈ സമരത്തിലൂടെ അതെല്ലാം ഇവർക്ക് മനസ്സിലാകുമെന്നും രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കിലോ കണക്കിന് സ്വർണവും പണവും ശബരിമലയിൽ നിന്നും ഗുരുവായൂരിൽ നിന്നും എല്ലാം കൊള്ളയടിച്ച സർക്കാരാണ് സെക്രട്ടേറിയറ്റിൽ ഇരിക്കുന്നത്. ഈ കൊള്ളയിൽ പങ്കുള്ള മന്ത്രിയെ ഉൾപ്പെടെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് വിശ്വാസികളോടുള്ള വഞ്ചനയും ദ്രോഹവുമാണ്. ഹൈന്ദവ ക്ഷേത്രമായതുകൊണ്ടാണ് സർക്കാരിന് ഈ കൊള്ളയ്ക്കുള്ള ധൈര്യം കിട്ടിയത്.ശബരിമലയോട് സർക്കാർ ചെയ്തത് ദ്രോഹമെന്നും മറ്റേതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയത്തിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ജനങ്ങളെ ദ്രോഹിക്കാൻ ഇനി സർക്കാരിനെ അനുവദിക്കില്ല. ദേവസ്വം ബോർഡ് പിരിച്ചുവിടണം, മന്ത്രി വാസവൻ രാജിവെക്കണം. കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണം. തെറ്റ് ചെയ്തവരെ ജയിലിൽ അടയ്ക്കുന്നതുവരെ ബിജെപി പിന്നോട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മതേതരത്വം പറഞ്ഞ് നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും ഭീകരമായ അഴിമതികളാണ് ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വലിയ അഴിമതി കാട്ടിയ കോൺഗ്രസിന് പിന്തുണ നൽകിയ പാർട്ടിയാണ് സിപിഎം. പിണറായി വിജയനും രാഹുൽ ഗാന്ധിയും മതേതരത്വത്തെക്കുറിച്ച് പറഞ്ഞാൽ അത് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും തന്ത്രമായി മാത്രമേ ഞങ്ങൾ കാണൂ. ഈ രാജ്യത്തെ ദേശസ്നേഹികളായ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ ബിജെപി ഉണ്ടാകും. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടി വികസിത കേരളം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ശബരിമലയിലെ സ്വർണകൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ ഉപരോധ സമരത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ഇന്നലെ വൈകിട്ട് തുടങ്ങിയ സമരത്തിൽ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി. കെ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, ശോഭ സുരേന്ദ്രൻ, എം. ടി. രമേശ് തുടങ്ങിയവരും വിവിധ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് ഇന്നലെയും ഇന്നുമായി പ്രതിഷേധത്തിന്റെ ഭാഗമായത്.

