ആറ് മാസത്തിനിടെ നിക്ഷേപ തട്ടിപ്പിനിരയായത് 30,000ലധികം പേര്‍; നഷ്ടം 1,500 കോടി രൂപ, കൂടുതൽ ബെംഗളൂരുവിൽ
ഡല്‍ഹി : കഴിഞ്ഞ 6 മാസത്തിനിടെ രാജ്യത്തെ പ്രധാന നഗരങ്ങളിലായി 30,000ത്തിലധികം പേർ നിക്ഷേപ തട്ടിപ്പിന് ഇരയായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതിൽ 65 ശതമാനത്തോളം കേസുകൾ ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,500 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം തട്ടിപ്പിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടായ നഗരം ബെംഗളൂരുവാണ്. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നിലധികം ഇവിടെയാണ്. ഡൽഹിയിലാണ് ഏറ്റവും ഉയർന്ന ആളോഹരി നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. അവിടെ തട്ടിപ്പിനിരയായവർക്ക് ശരാശരി 8 ലക്ഷം രൂപ വീതം നഷ്ടമായി. തട്ടിപ്പുകാർ വിവിധ ഡിജിറ്റൽ മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതിൽ മെസേജിങ് ആപ്പുകളും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും പ്രധാന പങ്ക് വഹിക്കുന്നു. ടെലഗ്രാം, വാട്സാപ്പ് തുടങ്ങിയ മെസേജിങ് ആപ്പുകൾ വഴിയാണ് ഏകദേശം 20 ശതമാനം കേസുകളും നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലിങ്ക്ഡ്ഇൻ, ട്വിറ്റർ പോലുള്ള ഔദ്യോഗിക പ്രഫഷനൽ നെറ്റ്‌വർക്കുകൾ തട്ടിപ്പിനായി വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഇവയിലൂടെയുള്ള തട്ടിപ്പുകൾ 0.31 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

