ഭൂചലനങ്ങളെ തുടര്‍ന്ന് അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമോ എന്ന ഭയത്തില്‍ ഐസ്‌ലാന്‍ഡിലെ ജനങ്ങള്‍

Spread the love

ഗ്രീന്‍ഡാവിക്ക്: തുടര്‍ച്ചയായ ഭൂചലനങ്ങളെ തുടര്‍ന്ന് അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമോ എന്ന ഭയത്തില്‍ ഐസ്‌ലാന്‍ഡിലെ ജനങ്ങള്‍. ഇതിനെത്തുടര്‍ന്ന് ഐസ്‌ലാന്‍ഡിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഗ്രിന്‍ഡാവിക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രിന്‍ഡാവിക്കിന് സമീപമുള്ള ഫഗ്രഡാല്‍സ്ഫ്ജല്‍ അഗ്‌നിപര്‍വ്വതത്തിന് ചുറ്റും ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ രേഖപ്പെടുത്തിയത്. മുന്‍കരുതലിന്റെ ഭാഗമായി നഗരത്തില്‍ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളോട് നഗരം വിട്ടുപോകാന്‍ പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ എഎഫ്പി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.ഗ്രിന്‍ഡാവിക്കിന് വടക്ക് ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്നതിനാല്‍ പൊതുജനസംരക്ഷണര്‍ത്ഥം നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.ബുധന്‍ വ്യാഴം ദിവസങ്ങളിലായി 24 മണിക്കൂറിനുള്ളില്‍ റിക്ടര്‍ സ്‌കെയിലില്‍ 1400 ഓളം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്ന് ഐസ്‌ലാന്‍ഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ച ദിവസം ആദ്യ 14 മണിക്കൂറില്‍ 800 ഭൂചലനങ്ങള്‍ ഉണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഭൂചലനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് ഐസ്‌ലാന്‍ഡിലെ ബ്ലൂ ലഗൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഉദ്യോഗസ്ഥര്‍ അടച്ചു. കനത്ത ചൂടില്‍ പാറ ഉരുകി ഉണ്ടാകുന്ന ലാവ എന്ന മാഗ്മ ഭൂഗര്‍ഭ പ്രതലത്തില്‍ നിറഞ്ഞിരിക്കുകയാണെന്നും ഭൂമിയുടെ ഉപരിതലം പൊട്ടിത്തെറിച്ച് അത് എപ്പോള്‍ വേണമെങ്കിലും പുറത്തു വരാമെന്നും ഐസ്‌ലാന്‍ഡ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആശങ്ക അറിയിച്ചു. ഇത്തരത്തില്‍ പുറത്തുവരുന്ന ലാവ നഗരത്തില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും അതുകൊണ്ടാണ് ഗ്രിന്‍ഡാവിക്ക് ഒഴിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നും ഐസ്‌ലാന്‍ഡ് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി വ്യക്തമാക്കി.ഗ്രിന്‍ഡാവിക്കില്‍ ഏകദേശം നാലായിരത്തോളം ജനങ്ങളാണ് അധിവസിക്കുന്നത്. അടിയന്തര സാഹചര്യം പ്രമാണിച്ച് നഗരത്തിലെ മിക്ക റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളുള്ള രാജ്യമാണ് ഐസ്‌ലാന്‍ഡ്. ഏകദേശം മുപ്പതിലധികം സജീവ അഗ്‌നി പര്‍വതങ്ങള്‍ ഇവിടെയുണ്ട്. ജൂലൈയില്‍, ഫഗ്രഡാല്‍സ്ഫ്ജല്ലിന്റെ ശാഖയായ ലിറ്റില്‍ ഹ്രുത്തൂര്‍ എന്നറിയപ്പെടുന്ന ലിറ്റില്‍ റാം അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചിരുന്നു. ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. 2021 2022 2023 വര്‍ഷങ്ങളിലും ഈ അഗ്‌നിപര്‍വ്വതം തുടര്‍ച്ചയായി സ്‌ഫോടനത്തിന് വിധേയമായിരുന്നു. ഇതിനുമുമ്പ് ഫഗ്രഡാല്‍സ്ഫ്ജല്‍ അഗ്‌നിപര്‍വ്വതം എട്ടു നൂറ്റാണ്ടുകളോളം നിര്‍ജീവ അവസ്ഥയിലാണ് തുടര്‍ന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *