കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വര്‍ഷം 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വര്‍ഷം 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 5681.98 കോടിയുടെ 64 പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. കിഫ്ബിക്ക് നിലവില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലെന്നും ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ ധനമന്ത്രി പറഞ്ഞു.കിഫ്ബി ബോര്‍ഡ് യോഗമാണ് കൂടുതല്‍ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കിയത്. മലയോര, തീരദേശ ഹൈവേകള്‍ ഉള്‍പ്പടെ പൊതുമരാമത്ത് റോഡ് പദ്ധതികള്‍ക്ക് സ്ഥലമെടുപ്പിനുള്‍പ്പടെ 3414 കോടി അനുവദിച്ചു. പിണറായി വില്ലേജില്‍ വിദ്യാഭ്യാസ സമുച്ചയ നിര്‍മാണത്തിന് 232 കോടിയും കണ്ണൂര്‍ എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് മൂന്ന് റോഡുകള്‍ക്ക് സ്ഥലമെടുക്കാന്‍ 1979 കോടിയും അനുവദിച്ചു. ഇതുവരെ 23095 കോടിയാണ് കിഫ്ബി പദ്ധതികള്‍ക്കായി ചെലവഴിച്ചത്. ഇതില്‍ 12089 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.9000 കോടി കൂടി കടമെടുക്കും. വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കേണ്ടി വരും. അതിനായി സംസ്ഥാനം യോജിച്ച് മുന്നോട്ടുപോകണമെന്നും ബാലഗോപാല്‍ പറഞ്ഞു. അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് സംവിധാനം വഴി ശാസ്ത്രീയമായ രീതിയില്‍ വിവേകപൂര്‍വമായ കടമെടുപ്പാണ് നടത്തുന്നതെന്നും ധനമന്ത്രിയും കിഫ്ബി സിഇഒയും അവകാശപ്പെട്ടു.