നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ 22 ന് നടക്കുന്ന നവകേരള സദസ്സിന്‍റെ പ്രാഥമിക മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
നെയ്യാറ്റിൻകര : അത്യപൂര്‍വമായ വികസന സംസ്കാരത്തിലേയ്ക്കാണ് കേരളം സഞ്ചരിക്കുന്നതെന്ന് മന്ത്രി അഡ്വ. ആന്‍റണി രാജു അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ 22 ന് നടക്കുന്ന നവകേരള സദസ്സിന്‍റെ പ്രാഥമിക മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി എത്തിയതായിരുന്നു അദ്ദേഹം. ഇന്‍ഡ്യയിലൊരു സംസ്ഥാനത്തിലും ഇത്തരത്തില്‍ കാബിനറ്റ് എല്ലാ നിയോജകമണ്ഡലങ്ങളും സന്ദര്‍ശിച്ച് പൊതുജനങ്ങളുമായി സംവദിച്ച ചരിത്രമില്ല. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമടക്കം പങ്കെടുക്കുന്ന വളരെ വിപുലമായ രീതിയിലാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.

46 ദിവസങ്ങളാണ് ഈ പരിപാടിയുടെ ദൈര്‍ഘ്യം. ദിവസം മൂന്നും നാലും അഞ്ചും യോഗങ്ങള്‍ വരെയുണ്ട്. നവകേരള സദസ്സിന് രാഷ്ട്രീയമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. സ്വാഗതസംഘം ഓഫീസ് 15 ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു. നഗരസഭ തല സ്വാഗതസംഘ രൂപീകരണ യോഗം 17 ന് വൈകുന്നേരം മൂന്നിനും അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് തല യോഗം നാലിനും ചേരും. 20 ന് വൈകുന്നേരം മൂന്നിന് കാരോടും നാലിന് കുളത്തൂരും 21 ന് വൈകുന്നേരം മൂന്നിന് ചെങ്കലും നാലിന് തിരുപുറത്തും സ്വാഗത സംഘ രൂപീകരണ യോഗം നടക്കും. സബ് കമ്മിറ്റികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനും നവകേരളസദസ്സിന്‍റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും പ്രാഥമികമായി തീരുമാനിച്ചു.

ജില്ലാ കലക്ടര്‍ ജെറോമിക് ജോർജ്ജ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എസ്.കെ ബെന്‍ ഡാര്‍വിന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊടങ്ങാവിള വിജയകുമാര്‍, തദ്ദേശഭരണവകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഷാജി ക്ലമന്‍റ് എന്നിവര്‍ സംബന്ധിച്ചു.