നിത്യയാത്രക്ക് തണലൊരുക്കി ആര്യനാട്
ആര്യനാട്ടെ ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ടു ‘തണൽ’ യാഥാർത്ഥ്യമായി. സ്വന്തമായി ഒരു പൊതുശ്മശാനമെന്ന ആശയം തണലിലൂടെ ആര്യനാട് ഗ്രാമപഞ്ചായത്ത് യാഥാർത്ഥ്യമാക്കിയപ്പോൾ ആദിവാസി സമൂഹമടക്കം അടിസ്ഥാനവർഗക്കാരായ ഒട്ടേറെ കുടുംബങ്ങളുടെ നിരന്തര ആവശ്യത്തിനാണ് പരിഹാരമായത്. ഏറെകാലമായി മരണാനന്തര ചടങ്ങുകൾക്കായി തിരുവനന്തപുരത്തെ ശാന്തി കവാടത്തെയോ നെടുമങ്ങാട്ടെ ശാന്തിതീരത്തെയോ ആശ്രയി ക്കേണ്ടി വന്നിരുന്ന സാഹചര്യം പലപ്പോഴും ഒട്ടേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്ന സാഹചര്യത്തിലാണ് സ്വന്തമായി പൊതുശ്മശാനമെന്ന ആശയം പഞ്ചായത്ത് നടപ്പിലാക്കിയത്.പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും സംയുക്ത ഫണ്ടിൽ നിന്ന് ഏകദേശം ഒന്നരക്കോടി രൂപ ചെലവഴിച്ച് മൈലമൂട്ടിലെ അര ഏക്കർ സ്ഥലത്താണ് പ്രകൃതിക്കിണങ്ങും വിധം മനോഹരമായി തണലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.പരിസ്ഥിതി സൗഹൃദവും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ശ്മശാനം പ്രവർത്തിപ്പിക്കുക. ഗ്യാസ് ഫർണർ, പുക ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം, ഓഫീസ്, കർമ്മങ്ങൾ ചെയ്യുന്നതിനുള്ള മണ്ഡപം, , കർമ്മങ്ങൾ ചെയ്യുന്നവർക്ക് പ്രത്യേകം സജ്ജീകരിച്ച റൂം, ടോയ്ലെറ്റുകൾ വിശാലമായ പാർക്കിംഗ് ഫലവൃക്ഷതോട്ടം എന്നിവയും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.പൂർണമായും ഗ്യാസ് ഉപയോഗിച്ചാണ് സംസ്കാരം നടത്തുക. 800 മുതൽ 1200 ഡിഗ്രി സെൽഷ്യസ് ചൂടിൽ സംസ്കരിച്ചെടുത്ത ചാരം വീണ്ടും വെള്ളത്തിൽ കഴുകി ഏറ്റവും കുറഞ്ഞ അളവിൽ പുക പുറത്തേക്ക് പോകത്തക്ക രീതിയിൽ മലിനീകരണം ഇല്ലാത്ത സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 14 ഗ്യാസ് സിലിണ്ടറുകളാണ് ഒരേസമയം പ്രവർത്തിക്കുക. ഭാവിയിൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് ശ്മശാനം ക്രമീകരിച്ചിരിക്കുന്നത്. ബി.പി.എൽ കാർഡുകാർക്ക് പകുതി ചാർജിനും അർഹതപ്പെട്ടവർക്ക് സൗജന്യമായും മൃതദേഹം സംസ്‌കരിക്കാൻസാധിക്കും. ആര്യനാട് പഞ്ചായത്തിന് പുറമേ ഉഴമലയ്ക്കൽ, കുറ്റിച്ചൽ, പൂവച്ചൽ, തൊളിക്കോട്, വിതുര എന്നീ സമീപ പഞ്ചായത്തുനിവാസികള്ക്കും തണൽ ഗുണകരമാകും.