കേരളീയം വേദികളില്‍ ദിവസം തോറും എത്തുന്നത് 20 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍
വിവിധ വേദികളില്‍ അരങ്ങേറുന്ന കേരളീയം പരിപാടി ആസ്വദിക്കാന്‍ ഒരു ദിവസം എത്തുന്നത് 20 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും. ‘ഉണര്‍വ്’ ഊര്‍ജ സംരക്ഷണ പരിപാടിയുടെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇ.എം.സി) ആണ് തിരുവനന്തപുരം ജില്ലയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും കൊല്ലം ജില്ലയില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നേതൃത്വം വഹിക്കുന്നത്.’
125 സ്‌കൂളുകളില്‍ നിന്നായി 7,500 വിദ്യാര്‍ത്ഥികളെ കേരളീയം വേദികളില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സ്പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ആദ്യ ദിനം 15 സ്‌കൂളുകളില്‍ നിന്നും 950 വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. നഗരത്തിനു പുറത്തുള്ള കുട്ടികള്‍ക്ക് കേരളീയം അനുഭവവേദ്യമാക്കലാണ് ലക്ഷ്യം,’ ഇ.എം.സി രജിസ്ട്രാര്‍ ബി.വി സുഭാഷ്ബാബു പറഞ്ഞു. യാത്രചെലവായി ഓരോ സ്‌കൂളിനും 2,500 രൂപയാണ് ഇ.എം.സി. നല്‍കുന്നത്.
ഒരുദിവസം കൊണ്ട് കഴിയുന്നത്ര വേദികള്‍ സന്ദര്‍ശിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കുട്ടികളും. ഓരോ വേദിക്ക് മുന്നിലും വരിനിന്ന് അധ്യാപകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു വിസ്മയക്കണ്ണുകള്‍ തുറന്ന് അവര്‍ മനം നിറയെ അറിവിന്റെയും ആഹ്ലാദത്തിന്റെയും കാഴ്ചകള്‍ കാണുന്നു. ‘കേരളീയത്തിന്റെ ഓരോ വേദിയും ഗംഭീരം. മ്യൂസിയവും മൃഗശാലയും കൂടി കണ്ടു മടങ്ങാനാണ് ഞങ്ങളുടെ തീരുമാനം,’ കിളിമാനൂര്‍, വെട്ടിയറ ഗവണ്മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ശ്രുതി എസ്. പറഞ്ഞു.