ആര്യങ്കാവിൽ കെ.എസ്.ആർ.ടി.സി. ബസിൽ വൻ കഞ്ചാവ് വേട്ട; 8 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ വൻ കഞ്ചാവ് വേട്ട. ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ എട്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ തപൻ കുമാർ മണ്ഡൽ (38) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്.സംഭവം:രാത്രി വൈകിയുള്ള പരിശോധനയിലാണ് സംശയം തോന്നിയ യാത്രക്കാരനെ എക്സൈസ് സംഘം പിടികൂടിയത്. ബാഗ് സീറ്റിനടിയിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാക്കറ്റുകളിലാക്കിയ കഞ്ചാവ് കണ്ടെത്തി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംശയിക്കുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ സൂചന നൽകി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷമീർ. എം-ന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാൽ. പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ. എസ്, പ്രിവൻ്റീവ് ഓഫീസർ ഹരികൃഷ്ണൻ. പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ദാസ്, ശ്യാം കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.