ആളില്ലാത്ത വീട് കുത്തി തുറന്ന് 16 പവനും 1 ലക്ഷം രൂപയും മോഷ്ടിച്ചു
വിഴിഞ്ഞം: ആളില്ലാത്ത വീട് കുത്തി തുറന്ന് 16 പവനും 1 ലക്ഷം രൂപയും മോഷ്ടിച്ചു. വെണ്ണിയൂർ വിൻസൻ്റ് വില്ലയിൽ റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗിൽബർട്ടിൻ്റെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർന്നത്. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബന്ധുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് രാത്രി ഇവർ ബന്ധു വീട്ടിലാണ് തങ്ങിയിരുന്നത്. വീടിൻ്റെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.മുകളിലത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കവർന്നത്. എന്നാൽ സമയത്തെ മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ നഷ്ടപ്പെട്ടിട്ടില്ല. അലമാര പൊളിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനാലാണ് ഈ സ്വർണ്ണം മോഷ്ടാവിന് എടുക്കാൻ കഴിയാത്തത്. ഇന്നലെ പുലർച്ചെ വീട്ടുകാർ എത്തി നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. . വീട്ടിൻ്റെ താഴത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന 1 ലക്ഷം രൂപയും നഷ്ടമായതായി വീട്ടുകാർ പറഞ്ഞു. ഇവരുടെ വീടിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആകാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത് വിഴിഞ്ഞം പൊലീസ് കേസെടുത്തു.