അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ മാരുടെ പാസിങ്ങ് ഔട്ട് പരേഡ് നാളെ
തിരുവനന്തപുരം : ജയിൽ വകുപ്പിലെ 101 അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ മാരുടെ പാസിങ്ങ് ഔട്ട് പരേഡ് നാളെ രാവിലെ 8 മണിക് പേരൂർക്കട SAP പരേഡ് ഗ്രൗണ്ടിൽ വെച്ചു നടക്കും.പാസിങ്ങ് ഔട്ട് പരേഡിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവറുകൾ സല്യൂട്ട് സ്വീകരിക്കും.പഴയ കാലങ്ങളില്‍ തടവുകാരുടെ പരിപാലനം എന്നത് അവര്‍ ഏര്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് തുല്യമായ ശിക്ഷ പ്രതികാര ഭാവേന മടക്കിക്കൊടുക്കുക,സ്വാതന്ത്യം തടസ്സപ്പെടുത്തുക തുടങ്ങിയ ഭയപ്പെടുത്തുന്ന ശിക്ഷാരീതികളായിരുന്നു അവലംബിച്ചിരുന്നത്.കാലക്രമേണ ഈ സമീപനത്തില്‍ നിന്നും മാറി ആധുനിക രീതികളായ സുരക്ഷ, തിരുത്തല്‍, മാനസ്സാന്തരം, ക്ഷേമം, പുനരധിവാസം, സമൂഹപുനപ്രവേശനം എന്നീ രീതികളിലോട്ട് മാറിയിട്ടുണ്ട്.പണ്ട് കാലത്ത് ഉപയോഗിച്ചു കൊണ്ടിരുന്ന കുറ്റവാളികള്‍,തടവുകാര്‍ എന്നീ പദങ്ങള്‍ മാറ്റി അവരെ അന്തേവാസികള്‍ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങിയത് ഇത്തരത്തിലുള്ള മാറ്റത്തിന്‍റെ തുടക്കമാണ്. ശാസ്ത്രീയവും പുരോഗമനപരവുമായ തെറ്റുതിരുത്തല്‍ പ്രക്രിയകളെക്കുറിച്ച് അറിവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക എന്നുള്ള ഉദേശത്തോടുകൂടിയാണ് നിലവില്‍ സിക്ക പ്രവര്‍ത്തിച്ചു വരുന്നത്.കൂടാതെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉത്തരവാദിത്വബോധം വളര്‍ത്തുക,ഔദ്യോഗികപരവും സാംസ്ക്കാരികപരവുമായ കാര്യങ്ങളില്‍ ക്രിയാത്മകവും വിശാലവുമായ സമീപനം സൃഷ്ടിക്കുക, ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും തൊഴില്‍നൈപുണ്യവും പരിഷ്ക്കരിക്കുക തുടങ്ങി ഒട്ടനവധി മേഖലകളില്‍ സിക്കയില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നു. തടവുകാരുടെ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് ഊന്നല്‍ നല്‍കി അവരെ ഉത്തമപൗരന്‍മാരാക്കി സമൂഹത്തിന് മടക്കി നല്‍കുന്നതിന് പര്യപ്തമായ പരിശീലന പരിപാടി ആവിഷ്ക്കരിക്കുന്നതിനായി വിവധതലത്തിലുള്ള ഗവേഷണപരിപാടികള്‍ക്ക് ശേഷം ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് സമഗ്രമായ പരിശീലനപദ്ധതി തയ്യാറാക്കുകയുണ്ടായി.ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലന കാലയളവില്‍ പ്രിസണ്‍ നിയമങ്ങളും ചട്ടങ്ങളും , കുറ്റശാസ്ത്രത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍, വിക്റ്റിമോളജി, ശിക്ഷാ ശാസ്ത്രം, അടിസ്ഥാന മനശാസ്ത്രം, പ്രാഥമിക സാമൂഹ്യശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, ശിക്ഷാ നിയമങ്ങള്‍, ഇന്ത്യന്‍ ഭരണഘടന, മനുഷ്യാവകാശം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനം, പ്രഥമശുശ്രൂഷ, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സിക്കയില്‍ നിന്നുളള ലക്ചറര്‍മാരും മറ്റ് ഗസ്റ്റ് ലക്ചറര്‍മാരും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിയെടുത്ത് വരുന്ന രണ്ട് ഉദ്യോഗസ്ഥരും കൂടാതെ പരിചയസമ്പന്നരായ ജയില്‍ വകുപ്പിലെ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരും ചേര്‍ന്ന സംഘമാണ് ഔട്ട്ഡോര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ കാരാട്ടെ, നീന്തല്‍, യോഗ, ഡ്രൈവിംഗ്, കമ്പ്യൂട്ടര്‍ എന്നിവയിലും വിദഗ്ദ്ധ പരിശീലനം നല്‍കിയിട്ടുളളതാണ്.തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ ട്രെയിനിങ്ങ് സെന്‍ററുകളിലെ യഥാക്രമം 46,12,9 എന്നീ ബാച്ചുകളുടെ അടിസ്ഥാനപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളതാണ്.25.09.25 ന് രാവിലെ 08.30 മണിക്ക് തിരുവനന്തപുരം പേരൂർക്കട സ്പെഷ്യൽ ആംഡ് പോലീസ് (SAP) ഗ്രൌണ്ടിൽ വച്ച് നടക്കുന്ന സംയുക്ത പാസ്സിംഗ് ഔട്ട് പരേഡിൽ തിരുവനന്തപുരം സിക്കയിലെ 55 അസി.പ്രിസണ്‍ ഓഫീസര്‍മാരും കണ്ണൂർ സിക്ക എക്സ്റ്റൻഷൻ സെന്റിലെ 45 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരും ഉൾപ്പെടെ 101 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ട്രെയിനികളാണ് പാസ്സിംഗ് ഔട്ടിൽ പങ്കെടുക്കുന്നത്.