കൊൽക്കത്ത ആർജി കർ ബലാത്സംഗക്കൊല; കോടതി വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം അപ്പീൽ നൽകാൻ സാധ്യത
കൊൽക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗക്കൊലയിലെ കോടതിവിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം അപ്പീൽ നൽകാനൊരുങ്ങുന്നതായി സൂചന. പ്രതിയായ സഞ്ജയ് റോയിയെ വധശിക്ഷ നൽകുന്നതിൽ നിന്നും ഒഴിവാക്കിയത് ചോദ്യം ചെയ്താവും പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകുക.
ഇക്കാര്യമുന്നയിച്ച് പശ്ചിമ ബംഗാൾ സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസിൽ പൊലീസ് അന്വേഷണം തുടർന്നിരുന്നെങ്കിൽ പ്രതിക്ക് വധശിക്ഷ വാങ്ങി നൽകുമായിരുന്നു എന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം.
അതേസമയം, സിബിഐയുടെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിനിടെ, തെളിവ് നശിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതിയ്ക്ക് വധശിക്ഷ നൽകാത്തതിൽ സിപിഐഎമ്മും സിപിഐയും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
വിധി നിരാശാജനകമാണെന്നായിരുന്നു സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിൻ്റെ വിമർശനം. അപൂർവത്തിൽ അപൂർവമെന്നതിൻ്റെ മാനദണ്ഡം എന്തെന്ന് വ്യക്തമാകുന്നില്ലെന്നും സിബിഐയുടെ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.