തിരുമല കൗൺസിലറുടെ ആത്മഹത്യയുടെ ഉത്തരവാദിത്തത്തിൽ നിന്നും ബി.ജെ.പി. യ്ക്ക് എങ്ങനെ ഒഴിഞ്ഞു മാറാനാകുമെന്ന് : മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം : തിരുമല കൗൺസിലറായിരുന്ന ബി.ജെ.പി. നേതാവ് കെ. അനിൽകുമാർ ആത്മഹത്യ ചെയ്തത് സ്വന്തം ആൾക്കാർ എന്ന് അദ്ധേഹം വിശേഷിപ്പിക്കുന്നവർ ചതിച്ചതുകൊണ്ടാണ് എന്ന് വ്യക്തമാക്കുന്ന മാധ്യമ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയത് എന്ന രീതിയിലുള്ള കുറിപ്പും മാധ്യമങ്ങൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വരികൾ ‘നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റു നടപടികൾക്കൊന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കി’ എന്നു കാണുന്നുണ്ട്. ഇത് ചൂണ്ടിക്കാണിക്കുന്നത് സ്വന്തമെന്ന് അനിൽകുമാർ കരുതിയിരുന്ന ആളുകളുടെ ചതിയാണ്. വലിയശാല ഫാം ടൂർ സഹകരണ സംഘം നിയന്ത്രിച്ചിരുന്നത് ബി.ജെ.പി. ഭരണസമിതിയാണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയങ്കിൽ തിരുമല കൗൺസിലറുടെ ആത്മഹത്യയുടെ ഉത്തരവാദിത്തത്തിൽ നിന്നും ബി.ജെ.പി. യ്ക്ക് എങ്ങനെ ഒഴിഞ്ഞു മാറാനാകും. ആ” നമ്മുടെ ആൾക്കാർ” ബി.ജെ.പി. നേതാക്കൾ തന്നെയല്ലേ. മരണശേഷം എങ്കിലും തിരുമല അനിൽകുമാറിന്റെ അഭിമാനം തിരിച്ചു പിടിക്കാൻ ബി.ജെ.പി. എന്തു ശ്രമമാണ് നടത്തുന്നത്. ഇപ്പോഴും അനിൽകുമാറിന്റെ ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. *കർണ്ണാടക മന്ത്രിയുടെ പ്രസ്താവന*മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അലൻസിയറിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘ഇത് എന്റെ ഐഡിയ ആയിപ്പോയി’. സമാനമായപ്രതിസന്ധിയാണ് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഇപ്പോൾ നേരിടുന്നത്. കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം ചെയ്യാനെത്തിയതായിരുന്നു കർണ്ണാടകയിൽ റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്രീ. കൃഷ്ണ ബൈര ഗൗഡ.അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പ്രധാനമായും വന്നത് കേരളത്തിന്റെ വികസന നേട്ടങ്ങളാണ്. കേരളം രാജ്യത്തിന് തിളങ്ങുന്ന മാതൃകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ മേഖലയെയും ആരോഗ്യമേഖലയെയും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മേധാവിത്വത്തെയും അദ്ദേഹം എടുത്തു പറഞ്ഞു. യാഥാർത്ഥ്യം തുറന്നു പറഞ്ഞ കർണ്ണാടക മന്ത്രിയ്ക്ക് നന്ദി. ഇനിയെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കി കേരളത്തിന്റെ വികസനത്തെ പിന്തുണയ്ക്കുകയാണ് കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചെയ്യേണ്ടത്…….ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഭ്രാന്തിയിലായിരിക്കുകയാണ്. ബി.ജെ.പി. മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളെ കേരളം ഒരിക്കലും സ്വീകരിക്കില്ലാ എന്ന് അദ്ദേഹത്തിന് വ്യക്തമായിക്കഴിഞ്ഞു. ആ നിരാശയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും വാർത്താ സമ്മേളനങ്ങളിലും നിഴലിച്ചു കാണുന്നത്. സ്വന്തം മക്കളുടെ പ്രായത്തിലുള്ള മാധ്യമ പ്രവർത്തകയെ രോഷാകുലനായി നീ എന്നൊക്കെ അഭിസംബോധന ചെയ്യുന്ന നിലയിലേക്ക് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് തരംതാണിരിക്കുന്നു. ആ മാധ്യമ പ്രവർത്തകയോട് പരസ്യമായി മാപ്പു പറയാൻ ഭീഷണിയുടെ ഭാഷയിൽ ശ്രമിച്ച രാജീവ് ചന്ദ്രശേഖർ തയ്യാറാകണം.