കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ്: എക്സ്പോ ശ്രദ്ധേയം
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവിലെ എക്സ്പോ ശ്രദ്ധേയം.റവന്യു മന്ത്രി കെ.രാജന്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പങ്കെടുത്തു.കേരളത്തിന്‍റെ പരമ്പരാഗത മത്സ്യബന്ധന രീതികള്‍, അക്വാകള്‍ച്ചര്‍ മാനേജ്മെന്‍റ്, തീരദേശ വികസനം, ഷിപ്പിംഗ്, സാങ്കേതികവിദ്യകള്‍ തുടങ്ങി നിരവധി മേഖലകളിലെ വിവരങ്ങളും ഉത്പന്നങ്ങളും എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്‍റ് അതോറിറ്റി എന്നിവയുടെ സ്റ്റാളുകള്‍ സുസ്ഥിര മത്സ്യബന്ധനം, മത്സ്യകൃഷി, തുറമുഖ നവീകരണം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് വഴി തുറക്കുന്നു. ഹാന്‍റെക്സ്, ഹാന്‍വീവ്, വനിത എച്ച് ഡബ്ളിയു സി എസ് എന്നിവയുടെ കൈത്തറി ഉത്പന്നങ്ങളും വെള്ളാറിലെ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ്, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്‍, സ്പൈസസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളും എക്സ്പോയിലുണ്ട്.മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വിവിധ വള്ളങ്ങളുടേയും വലകളുടേയും മാതൃകകള്‍, കടലില്‍ നിന്നുള്ള വിവിധ അലങ്കാര മത്സ്യങ്ങള്‍, മത്സങ്ങളുടെ ചെവിക്കല്ല് കൊണ്ടു നിര്‍മ്മിച്ച ആഭരണങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടുന്നതിനും അതിന്‍റെ ദൂഷ്യഫലങ്ങള്‍ ജലജീവികളുടെ ആവാസവ്യവസ്ഥയെ ബാധിക്കാതിരിക്കുന്നതിനുമുള്ള നൂതന പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവ പ്രദര്‍ശന സ്റ്റാളുകളെ വേറിട്ടതാക്കുന്നു.സെപ്റ്റംബര്‍ 18, 19 തീയതികളില്‍ കോവളം ദി ലീല റാവിസില്‍ നടന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തവുമാണ് ലക്ഷ്യമിടുന്നത്.