വിളപ്പിൽശാലയിൽ പുതിയ ഗവ.പോളിടെക്നിക് കോളേജ്: ഭൂമി കൈമാറി
കാട്ടാക്കട: ഉന്നത, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുത്തൻ കയ്യൊപ്പ് ചാർത്താനൊരുങ്ങി കാട്ടാക്കട. വിളപ്പിൽശാലയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൻ്റെ പുതിയ ഗവ. പോളിടെക്നിക് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാല വാർഡിലാണ് കോളേജിനായി കണ്ടെത്തിയ 2.02 ഹെക്ടർ റവന്യൂഭൂമി സാങ്കേതിക വകുപ്പിന് കൈമാറി. റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിനാണ് ഭൂമി കൈമാറിയത്. മന്ത്രി ജി.ആർ അനിൽകുമാർ, ഐ.ബി. സതീഷ് എം.എൽ.എ, നിർദ്ദിഷ്ട പോളിടെക്നിക് കോളേജിന്റെ സ്പെഷ്യൽ ഓഫീസർ സിനിമോൾ കെ.ജി തുടങ്ങിയവർ പങ്കെടുത്തു. ഒരു കാലത്ത് നഗരത്തിൻ്റെ മാലിന്യക്കൂന എന്നറിയപ്പെട്ട വിളപ്പിൽശാലയിൽ 100ഏക്കർ സ്ഥലമേറ്റെടുത്ത് ഡോ.എ.പി.ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല ആസ്ഥാനവും ക്യാംപസും സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് പോളിടെക്നിക് കോളേജിനായി 2025-2026 ൽ സംസ്ഥാന ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയത്. ഐ.ബി സതീഷ് എം.എൽ.എയുടെ നിരന്തരമായ ശ്രമങ്ങളെത്തുടർന്നാണ് കാലതാമസമില്ലാതെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കാനായത്. പൊതുമരാമത്ത് വകുപ്പിനാണ് പോളിടെക്നിക് മന്ദിര നിർമ്മാണ ചുമതല. എസ്റ്റിമേറ്റ് തയ്യാറായി കഴിഞ്ഞു. മൂന്നു മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സിവിൽ ആൻഡ് റൂറൽ എൻജിനീയറിംഗ്, റിന്യൂവബിൾ എനർജി ടെക്നോളജി, മറൈൻ എൻജിനീയറിംഗ് ആൻഡ് സിസ്റ്റംസ് എന്നീ കോഴ്സുകളാണ് ആരംഭഘട്ടത്തിൽ കോളേജിലുണ്ടാകുക.