മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് ജയില്‍ മോചനം സാധ്യമാകുന്നത്. ഹാത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. 2020 ഒക്ടോബര്‍ മാസത്തിലായിരുന്നു കാപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനത്തിനുള്ള നടപടിക്രമങ്ങളെല്ലാം ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. റിലീസിങ്ങ് ഓര്‍ഡര്‍ കോടതി ജയിലേക്ക് ഇന്നലെ അയച്ചിരുന്നു. യുഎപിഎ കേസിലും ഇഡി കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചനം.കഴിഞ്ഞ മാസമാണ് കള്ളപ്പണക്കേസില്‍ അലഹബാദ് കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം മുന്‍സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് കോടതി ജാമ്യം അനുവദിച്ചത്.