ഇന്ത്യൻ ഓട്ടോറിക്ഷയായ ട്രിയോ ഓടിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ്

Spread the love

ഇന്ത്യാ സന്ദർശനവേളയിൽ മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷയായ ട്രിയോ ഓടിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ്. ഓട്ടോറിക്ഷ ഓടിക്കുന്ന ബിൽ ഗേറ്റ്സിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലാണ്. ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ ബിൽ ഗേറ്റ്സ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.വാഹനത്തിന്റെ കണ്ണാടിയിൽ ബിൽ ഗേറ്റ്സിന്റെ മുഖം കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. മാത്രമല്ല, ‘മൂന്ന് ചക്രങ്ങളുള്ളതും സീറോ എമിഷൻ ഉള്ളതും ശബ്‌ദമില്ലാത്തതും എന്താണ്? ഇതാണ് മഹീന്ദ്ര ട്രിയോ എന്നുള്ള ടെക്സ്റ്റും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓട്ടോറിക്ഷയുടെ മറ്റ് ചില സവിശേഷതകളും അദ്ദേഹം അടികുറിപ്പായി പങ്കുവച്ചിട്ടുണ്ട്. രസകരമായ മറ്റൊരു കാര്യം വീഡിയോയിൽ ‘ചൽതി കാ നാം ഗാഡി’ എന്ന ചിത്രത്തിലെ “ബാബു സംജോ ഇഷാരെ” എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് കണ്ടത്.‘ഇന്ത്യയുടെ പുതുമകളോടുള്ള അഭിനിവേശം എന്നെ ഒരിക്കലും വിസ്മയിപ്പിക്കുന്നില്ല. 131 കിലോമീറ്റർ ( ഏകദേശം 81 മൈൽ) വരെ സഞ്ചരിക്കാനും 4 ആളുകളെ വരെ വഹിക്കാനും കഴിവുള്ള ഒരു ഇലക്ട്രിക് റിക്ഷയാണ് ഞാൻ ഓടിച്ചത്. ഗതാഗത രംഗത്തിനും ഡീകാര്‍ബണൈസേഷനിലും മഹീന്ദ്രയെപ്പോലുള്ള കമ്പനികൾ നൽകുന്ന സംഭാവനകൾ പ്രചോദനം നൽകുന്നതാണ് എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം ബിൽ ഗേറ്റ്സ് പങ്കുവച്ച കുറിപ്പ്.ബിൽ ഗേറ്റ്സ് ട്രിയോ ഓടിക്കുന്ന വീഡിയോ പങ്കുവച്ചതിന് പിന്നാലെ ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര മറുപടി നൽകിയിട്ടുമുണ്ട്. ട്രിയോ ഓടിക്കാൻ സമയം കണ്ടെത്തിയതിൽ സന്തോഷം തോന്നുന്നു എന്നും അടുത്ത ഇന്ത്യ സന്ദർശനത്തിൽ സച്ചിനും ഞാനും താങ്കളുമായിട്ടുള്ളൊരു ഡ്രാഗ് റേസ് ആയിരിക്കും പ്രധാന അജൻഡ എന്നുമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ഹാർവാർഡ് സർവകലാശാലയിലെ തന്റെ സഹപാഠിയായിരുന്ന ആനന്ദ് മഹീന്ദ്രയെ സന്ദർശിച്ചപ്പോൾ പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ.മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലറുകളായ ട്രിയോ ഓട്ടോ, ട്രിയോ സോര്‍, സോര്‍ ഗ്രാന്‍ഡ് എന്നിവ ഇതിനകം തന്നെ ജനപ്രിയമായി കഴിഞ്ഞു. ഇന്ത്യയില്‍ ഡിസൈന്‍ ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ഇലക്ട്രിക് ഓട്ടോറിക്ഷയാണ് മഹീന്ദ്ര ട്രിയോ.  ഒരു തവണ ചാര്‍ജ് ചെയ്താല്‍ 141 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *