ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി, വയലാർ ഗാനത്തിൻ്റെ 50-ാം വാർഷികം
തിരുവനന്തപുരം: വയലാർ രാമവർമ്മ എഴുതിയ “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന ഗാനത്തിന് 50 വയസ്സ് തികയുന്നു. ഗാനപ്പിറവിയുടെ 50-ാം വാർഷികം വിപുലമായ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് തലസ്ഥാനത്ത് അദ്ദേഹത്തിൻ്റെ പേരിലുള്ള വയലാർ സാംസ്കാരിക വേദി. 12ന് 5 മണിക്ക് നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാലതാരമായി വന്ന് ദേവി കന്യാകുമാരി സിനിമയിൽ ദേവിയായും തുടർന്ന്ഒട്ടനവധി സിനിമകളിലും അഭിനയിച്ച മലയാളികളുടെ ഇഷ്ടതാരമായ വിനോദിനി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം 3 മണി മുതൽ വയലാർ രാമവർമ്മ മഹിള വേദിയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനാർച്ചനയുണ്ടാകും. സമ്മേളന ശേഷം കരിയ്ക്കകം ദുർഗ്ഗചാമുണ്ഡി കലാക്ഷേത്രം, ധ്വനി നാട്യക്ഷേത്ര,കരിയ്ക്കകം ശ്രീകൃഷ്ണ നൃത്ത വിദ്യാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത വയലാർ ഗാനങ്ങളുടെ നൃത്താവിഷ്ക്കാരവും അരങ്ങേറും.