അടിയന്തരാവസ്ഥയുടെ പേരിൽ നെഹ്‌റു കുടുംബത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ
അടിയന്തരാവസ്ഥയുടെ പേരിൽ നെഹ്‌റു കുടുംബത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. അടിയന്തരാവസ്ഥ ഇരുണ്ട കാലഘട്ടമാണെന്ന് പറഞ്ഞ ശശി തരൂർ ഇന്ത്യയിൽ സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരതയാണെന്നും വിമർശിച്ചു. ആടിയന്തരാവസ്ഥക്ക് കർക്കശ നടപടികൾക്ക് നിർബന്ധം പിടിച്ചത് ഇന്ദിര ഗാന്ധിയാണെന്നും തരൂർ വിമർശനം ഉന്നയിച്ചു.ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു.ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.