രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; എംഎല്‍എ സ്ഥാനത്ത് തുടരും
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേ സമയം എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. എത്ര കാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്നത് വ്യക്തമല്ല.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്.അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ റിപ്പോര്‍ട്ടര്‍ ടിവി അടിച്ച് തകര്‍ക്കുമെന്ന ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല മണ്ഡലം സെക്രട്ടറി കൊല്ലയില്‍ ശ്യാംലാല്‍ ആണ് രംഗത്തെത്തിയത്. തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി സന്ദേശം വന്നത്.’രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുകയാണെങ്കില്‍ നമ്മള്‍ 20 പേര്‍ കയറി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസ് അടിച്ചുപൊട്ടിക്കും. അതിനിപ്പോ റിമാന്‍ഡ് ആയാലും കുഴപ്പമില്ല’, എന്നാണ് ശ്യാംലാല്‍ പറയുന്നത്. 312 പേരുള്ള ഗ്രൂപ്പിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി സന്ദേശം എത്തിയത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ണായ ഫോണ്‍ സംഭാഷണം അടക്കം പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു.