ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം; പശുക്കുട്ടിക്ക് പരുക്ക്
വയനാട്: ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ്കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടിൽ പുലിയുടെ ആക്രമണം ഉണ്ടായത്. പൂളകുണ്ട് സ്വദേശി ആലഞ്ചേരി ഉമ്മറിന്റെ പശുകിടവിനെയാണ് പുലി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം.
വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമണത്തിൽ നിന്നും പുലി പിൻവാങ്ങുകയായിരുന്നു. ഇന്നലെ രാത്രി മുതൽ പഴൂർ ചീരാൽ നമ്പ്യാർകുന്ന് പൂളക്കുണ്ട് പരിസരത്ത് പുലിശല്യം വീണ്ടും സജീവമാവുകയാണ്.
പഴുരിൽ യാത്രക്കാർ പുലിയെ കണ്ടിരുന്നു, തുടർന്ന് ചീരാൽ പരിസരത്ത് നിന്നും ഒരു നായയെ പുലി കൊല്ലുകയും ചെയ്തു. നമ്പ്യാർകുന്ന് ഭാഗത്തുനിന്നും പുലിയെ കണ്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാത്രി പൂളകുണ്ടിലും പുലി എത്തിയത്.
ഇതുവരെ 11 വളർത്തുമൃഗങ്ങളെ പുലി ഈ പ്രദേശത്ത് ആക്രമിച്ചു, അതിൽ ആറെണ്ണം ചത്തു. പുലിയുടെ ആക്രമണത്തിൽ ഭയന്ന നാട്ടുകാർ പുറത്തിറങ്ങാൻ പോലും മടിക്കുന്ന സാഹചര്യാമാണ് പ്രദേശത്ത് നിലനിൽക്കുന്നത്.