ഇസ്രയേലില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ദില്ലിയിലെത്തി; 161 പേരെ എത്തിച്ചത് ജോർദാൻ വഴി
മിഡിൽ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേലില്‍ നിന്ന് ഒഴിപ്പിച്ച ആദ്യ ഇന്ത്യന്‍ സംഘം ദില്ലിയിലെത്തി. ഇസ്രയേലില്‍ നിന്ന് ജോര്‍ദാനില്‍ എത്തിച്ച 161 പേരുടെ സംഘമാണ് അമ്മാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു ദില്ലിയിലെത്തിയത്. ഇവരെ റോഡ് മാര്‍ഗമാണ് ജോര്‍ദാനില്‍ എത്തിച്ചത്. ഇസ്രയേലിൽ നിന്ന് ഈജിപ്റ്റ് വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നുണ്ട്.
എട്ട് മണിക്കാണ് ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം എത്തിയത്. ഇവരിൽ കൊല്ലം കൊട്ടാരക്കര സ്വദേശി ശ്രീലക്ഷ്മി തുളസീധരനുമുണ്ട്. ഹീബ്രൂ യൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിലെ ഒന്നാം വർഷ പി എച്ച് ഡി വിദ്യാർഥിനിയാണ്. കഴിഞ്ഞ ജൂലൈയിലാണ് പഠനത്തിനായി ഇസ്രയേലിൽ എത്തിയത്.
അതേസമയം, ഇറാനില്‍ നിന്നുള്ള അടുത്ത സംഘം രാവിലെ ദില്ലിയിലെത്തി. മാശഹ്ദില്‍ നിന്നുള്ള സംഘമാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേർന്നത്. ഇതോടെ 2003 ഇന്ത്യക്കാർ ഇറാനിൽ നിന്ന് തിരിച്ചെത്തി. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ 3.30 ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ 14 മലയാളികളുണ്ട്. 12 പേര്‍ വിദ്യാര്‍ഥികളാണ്.